റിയോ ഡി ജനീറോ: അർജന്റീനക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്നാം തോൽവിയ്ക്ക് വഴങ്ങി ബ്രസീൽ. അതും സ്വന്തം മണ്ണിലെ തോൽവിയായതിനാൽ നാണക്കേട് ഇരട്ടിയാകുന്നു. എതിരില്ലാതെ ഒരു ഗോളിനാണ് അർജന്റീനയുടെ വിജയം. 63–ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമെൻഡിയാണ് അർജന്റീനയുടെ വിജയശില്പി. തോൽവിയോടു അടുക്കുന്നതിനൊപ്പം 81–ാം മിനിറ്റിൽ ജോലിന്‍ടന്‍ ചുവപ്പുകാർഡ് കിട്ടി പുറത്തായതോടെ ബ്രസീൽ ആരാധകർ നിരാശയിലായി.
ജോലിന്‍ടന്‍ പുറത്തായതിനെ തുടർന്ന് പത്തുപേരുമായാണ് മത്സരം അവസാനിപ്പിച്ചത്. ഡിപോളിനെ ഫൗൾ ചെയ്തതിനായിരുന്നു താരത്തിന് ചുവപ്പുകാർഡ് ലഭിക്കാൻ കാരണം. ബ്രസീൽ 26 ഫൗളുകൾക്ക് വഴങ്ങിയപ്പോൾ അർജന്റീന വഴങ്ങിയ ഫൗളുകൾ 16 എണ്ണമായിരുന്നു. അർജന്റീനയ്ക്ക് പുറമേ യുറഗ്വായോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കും കൊളംബിയോട് 2–1നും ബ്രസീൽ തല കുനിച്ചു.
ഗാലറിയിൽ ആരാധകരുടെ ഏറ്റുമുട്ടൽ
കളത്തിൽ താരങ്ങൾ ഏറ്റുമുട്ടുന്നതിനു മുൻപ് ഗാലറിയിൽ ആരാധകരുടെ ഏറ്റുമുട്ടൽ നടന്നു. ബ്രസീല്‍– അര്‍ജന്റീന ആരാധകരുടെ തമ്മിൽ തല്ല് മത്സരത്തെയും ബാധിച്ചു. ഇന്ത്യൻ സമയം രാവിലെ ആറു മണിക്ക് തുടങ്ങേണ്ട കളി, ആരംഭിച്ചത് 6.30ന് ആയിരുന്നു. ഗാലറിയിൽ സംഘർഷമുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥർ അർജന്റീന ആരാധകര്‍ക്കു നേരെ ലാത്തിചാർജ് നടത്തുകയും ചെയ്തു. ഇതോടെ കളംവിട്ട അര്‍ജന്റീന താരങ്ങൾ പ്രശ്നം അവസാനിച്ചതോടെയാണ് മടങ്ങിയെത്തിയത്. ലാത്തിചാർജിൽ നിരവധി അർജന്റീന ആരാധകർക്കു പരിക്കേറ്റു. അടിയേറ്റു തലപൊട്ടി ചോരയൊലിക്കുന്ന അർജന്റീന ആരാധകരുടെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.