മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ
ആറളം (കണ്ണൂർ): ഒരു വയസ്സുള്ള കുഞ്ഞു മുതൽ നൂറു വയസ്സുള്ള വെളിച്ചി വരെ അറുപതോളം പേരാണ് ആറളത്ത് കഴിഞ്ഞ 16 വർഷമായി പുഴയോരത്ത് കുടിലോ ടാർപോളിൻ ഷീറ്റോ പോലും ഇല്ലാതെ ജീവിതം നയിക്കുന്നത്.
രാജവെമ്പാലയും കാട്ടാനയും ഏത് നിമിഷവും എത്താവുന്ന പ്രദേശത്താണ് ഇവരുടെ താമസം. മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല. കാരണം, ഇവർക്കു വീടോ സ്വന്തമായി ഭൂമിയോ ഇല്ല.
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെന്ന പേരിൽ അറിയപ്പെടുന്ന ആറളം പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലെ 55-ാം ഭാഗം, വിയറ്റ്നാം പുഴയോരത്താണ് പണിയ വിഭാഗത്തിൽപ്പെട്ട 44 കുടുംബങ്ങൾ കഴിയുന്നത്.
പട്ടയം ഉടൻ നൽകുമെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വാഗ്ദാനത്തിൽ മാത്രം പ്രതീക്ഷയോടെ കഴിയുന്ന ഇവരുടെ അവസ്ഥയെക്കുറിച്ച് എസ്ടി പ്രമോട്ടർ മുതൽ ജില്ലാ കലക്ടർ വരെ അറിയുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഓരോ കുടുംബത്തിനും മാസത്തിൽ ലഭിക്കുന്ന 30 കിലോഗ്രാം റേഷനരിയാണ് ഇവർക്കുള്ള ഏക ആശ്വാസം. രാത്രികളിൽ വെളിച്ചത്തിനായി ടോർച്ചിന്റെ വെട്ടം മാത്രം. പുഴയോരത്ത് പായയും പഴന്തുണികളും വിരിച്ചാണ് ഉറക്കം.
ആറളം ചതിരൂർ 110 കോളനിയിൽ താമസിച്ചിരുന്ന ഇവർ, അവിടത്തെ ദുരിതജീവിതം കാരണം പുനരധിവാസ മേഖലയിലേക്കു മാറ്റി പാർപ്പിക്കണമെന്നാവശ്യപ്പെട്ട് 2008 മുതൽ ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡവലപ്മെന്റ് മിഷനിൽ (ടിആർഡിഎം) അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
എന്നാൽ, ഇവർക്കുശേഷം അപേക്ഷ നൽകിയ പലർക്കും സ്ഥലം അനുവദിച്ചിട്ടും ഇവരുടെ അപേക്ഷകൾ അവഗണിക്കപ്പെട്ടു. നിലവിൽ 126 പേർക്ക് പട്ടയം നൽകാൻ തീരുമാനമായിട്ടുണ്ടെങ്കിലും അതിൽ പോലും ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല.
ജനനവും മരണവും പുഴയോരത്ത്
മഴക്കാലം എത്തിയാൽ ഇവരുടെ ജീവിതം കൂടുതൽ ദുരിതമാകുന്നു. പുഴയിൽ വെള്ളം കയറുമ്പോൾ സമീപത്തെ ഫാമുകളിൽ താൽക്കാലിക ഷെഡുകൾ കെട്ടിയാണ് താമസം.
പ്രായമായവരെയും രോഗികളെയും തോളിലേറ്റിയാണ് മാറ്റിപ്പാർപ്പിക്കുക. ഗർഭിണികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് പുഴയോരത്ത് തന്നെ പ്രസവിക്കേണ്ടിവന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മുൻ കലക്ടർ മിർ മുഹമ്മദലി കാലത്ത് പട്ടയം നൽകാനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തോടെ ആ ശ്രമങ്ങൾ നിലച്ചു. നിലവിലെ ജില്ലാ കലക്ടർ അരുൺ കെ. വിജയനോട് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
English Summary:
Around 60 tribal people, including infants and the elderly, have been living for the past 16 years without shelter along the riverbank in Aralam, Kannur. Despite repeated applications for rehabilitation and land rights since 2008, the families remain excluded from government welfare lists and face extreme hardships, especially during monsoon seasons.
aralam-tribal-families-living-without-shelter-riverbank
Aralam, Kannur, Tribal Issues, Adivasi Families, Land Rights, Rehabilitation, Extreme Poverty, Kerala News








