ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോകളിൽ നിന്ന് വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നരാക്കി കാട്ടുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി കൂടുന്നതായി ഗവേഷകർ. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകളാണ് ഇത്തരത്തിലുള്ള വെബ്സൈറ്റുകളിൽ സന്ദർശനം നടത്തിയതെന്നാണ് സോഷ്യൽ നെറ്റ്‌വർക്ക് അനലിറ്റിക്സ് കമ്പനിയായ ഗ്രാഫിക്കയുടെ റിപ്പോർട്ട്. സ്ത്രീകളുടെ ഫോട്ടോകളിൽ നിന്ന് അവരുടെ വസ്ത്രങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പുകൾ ആണ് ഇവ. എ ഐയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന ഫോട്ടോകൾ സമൂഹമധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നതിനിടയാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്.
സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കാണിക്കുന്ന ഇത്തരം വെബ്സൈറ്റുകളുടെ മാർക്കറ്റിംഗ് ജനപ്രിയ സമൂഹം മാധ്യമങ്ങളിലൂടെ ആണെന്നും ഗ്രാഫിക്ക അറിയിച്ചു. ഈ വർഷം ആദ്യം മുതൽ ഇത്തരം ആപ്പുകളുടെ പരസ്യം ലിങ്കുകളുടെ എണ്ണം സമൂഹമാധ്യമത്തിൽ 2400 ശതമാനത്തിൽ അധികം വർദ്ധിച്ചതായി ഗ്രാഫിക്ക ചൂണ്ടിക്കാട്ടുന്നു. എക്സ് റെഡ്ഡിറ്റ് എന്നീ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇത്തരത്തിലുള്ള ലിങ്കുകൾ പ്രചരിക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ആപ്പുകൾ പണം വാങ്ങി നൽകുന്ന സേവനങ്ങൾ വാങ്ങാനും ആളുകൾ ക്യൂ ആണ്. ഈ ആപ്പുകളിൽ പ്രവേശിക്കുന്ന ആളുകൾക്ക് ഒരു മാസം 10 ഡോളർ ഈടാക്കുന്ന സേവനങ്ങൾ നൽകുന്നുണ്ട്. ഈ സേവനങ്ങൾ വാങ്ങാനും ആളുകൾ തിരക്കുകയാണ്. ഒരു ദിവസം ആയിരത്തോളം ഉപയോഗങ്ങൾ തങ്ങൾക്ക് ഉണ്ടെന്നാണ് ഇത്തരത്തിൽ വിൽപ്പന നടത്തുന്ന ഒരു വെബ്സൈറ്റ് അറിയിച്ചതെന്ന് ഗ്രാഫിക്ക പറയുന്നു.
എന്താണ് ഇത്തരം വെബ്സൈറ്റുകൾ ചെയ്യുന്നത് ?
സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റും ചിത്രങ്ങൾ എടുത്ത് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളുടെ വസ്ത്രങ്ങൾ മാറ്റി അവരെ നഗ്നരാക്കി പുനർസൃഷ്ടിക്കുകയാണ് ഇത്തരം സൈറ്റുകൾ ചെയ്യുന്നത്. കൂടുതലും സ്ത്രീകളാണ് ഇത്തരം പ്രവർത്തികൾക്ക് ഇരയാകുന്നത്. ഡീപ്പ് ഫേക്ക് പോണോഗ്രഫി എന്ന് ഇത് അറിയപ്പെടുന്നതായും വിദഗ്ധർ പറയുന്നു.
ഇത്തരത്തിൽ എക്സ് പ്ലാറ്റ് ഫോമിൽ വന്ന ഒരു പരസ്യത്തെക്കുറിച്ച് ഗ്രാഫിക്ക പറയുന്നത് ഇങ്ങനെ:
നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ച് ആരുടെ വേണമെങ്കിലും നഗ്നചിത്രം സൃഷ്ടിച്ച് അത് അവർക്ക് അയച്ചു കൊടുക്കാൻ ആകുന്നു. ഇങ്ങനെ അയച്ചുകൊടുക്കുന്നത് വഴി അവരെ ഭീഷണിപ്പെടുത്തി പണവും മറ്റും കൈക്കലാക്കാനും കഴിയും. യൂട്യൂബിൽ ഇത്തരത്തിൽ ഒരു ആപ്പ് പെയ്ഡ് പ്രമോഷൻ നൽകുന്നുണ്ട്. ‘ന്യൂഡിഫൈ’ എന്ന് തിരയുമ്പോൾ ആദ്യം എത്തുന്നത് ഈ ആപ്പിന്റെ പരസ്യം ആണെന്ന് ഗ്രാഫിക്ക മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇത്തരം ഉള്ളടക്കങ്ങൾ അടങ്ങുന്ന പരസ്യങ്ങൾ തങ്ങൾ നൽകുന്നില്ലെന്ന് ഗൂഗിളിന്റെ വക്താവ് അറിയിച്ചതായി ഗ്രാഫിക്ക പറയുന്നു. അത്തരം പരസ്യങ്ങൾ പരിശോധിച്ച് അവനീക്കം ചെയ്യുമെന്നും ഗൂഗിൾ അറിയിച്ചതായി ഗ്രാഫിക്ക പറയുന്നു. നവംബറിൽ ഇത്തരത്തിലുള്ള ആപ്പ് ഉപയോഗിച്ച് തന്റെ അടുത്തെത്തിയ നാല്പതോളം രോഗികളുടെ നഗ്നചിത്രങ്ങൾ സൃഷ്ടിച്ച കുട്ടികളുടെ സൈക്യാട്രിസ്റ്റിനെ നോർത്ത് കരളിനയിൽ 40 വർഷം തടവിന് ശിക്ഷിച്ചു.
ഇത്രയും അപകടകരമായ ഈ ആപ്പുകളെ നിരോധിക്കുന്ന പ്രത്യേക നിയമങ്ങളൊന്നും ഇന്നുവരെ രാജ്യാന്തരതലത്തിൽ നിലവിൽ വന്നിട്ടില്ല. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ നിർമ്മിക്കുന്നത് യുഎസ് സർക്കാർ വിലക്കിയിട്ടുണ്ട്. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടി രശ്മിക മന്ദാന ഉള്‍പ്പടെയുള്ളവരുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത് ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. സാധാരണ മോര്‍ഫിംഗുമായി താരതമ്യം ചെയ്താല്‍ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ക്ക് കൃത്യത കൂടുതലാണ്. ഒറിജിനലാണോ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ സാങ്കേതികവിദഗ്ധര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ് ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ. ഇവയ്ക്ക് കർശന നിയന്ത്രണം കൊണ്ടുവരുന്ന ചട്ടങ്ങൾ ഒരുക്കാനുള്ള നീക്കത്തിലാണ് മിക്ക രാജ്യങ്ങളും
Also read: ‘എന്റെ അഭിനയ ജീവിതത്തില്‍ ഇത് ആദ്യത്തെ അനുഭവം’; ‘സലാറിലെ’ കിടിലൻ സര്‍പ്രൈസ് പൊളിച്ച് പൃഥ്വിരാജ്