തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടരും. ലഹരി വിരുദ്ധ ജാഗ്രത എല്ലാവരും പുലര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞു.
ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി ലഹരിക്കെതിരായ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മത, സാമുദായിക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സവിശേഷ ദിവസങ്ങളില്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തുചേരുന്ന വേളയില്‍ ലഹരി സന്ദേശങ്ങള്‍ വായിക്കാന്‍ തീരുമാനിസിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സണ്‍ഡേ ക്ലാസുകള്‍, മദ്രസകള്‍ എന്നിവിടങ്ങളിലെല്ലാം ലഹരി വിരുദ്ധ ആശയങ്ങള്‍ അവതരിപ്പിക്കണം. ഈ ദൗത്യം എല്ലാവരും ചേര്‍ന്നാണ് നടത്തുന്നത്. വിവേചനത്തിന് ഇടമില്ല. യാതൊരുവിധ ഭേദ ചിന്തയുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരേ മനസോടെ എല്ലാവരും ഇതില്‍ പങ്കാളികളാകുകയാണ് വേണ്ടത്. വിപുലമായ ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ നല്‍കാന്‍ മത, സാമുദായിക സംഘടനകളോടും വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.