സിറോ മലബാർ സഭയെ പിടിച്ചു കുലുക്കിയ എറണാകുളം – അങ്കമാലി റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ശേഷം അയർലണ്ട് കേന്ദ്രമായി വൻ ഭൂമി കച്ചവടത്തിന് അരങ്ങ് ഒരുങ്ങുന്നതായി സൂചന. ഡബ്ലിൻ എയർപോർട്ടിന് അടുത്തുള്ള 9 ഏക്കർ കൃഷിഭൂമി വാങ്ങാനാണ് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ ശ്രമം തുടങ്ങിയിരിക്കുന്നത് എന്നാണ് സംസാരം.
അയർലണ്ടിലെ ഒരു കുർബാന സെന്ററുകളിലും അറിയിക്കാതെയാണ് കഴിഞ്ഞയാഴ്ച്ച യൂറോപ്പിന്റെ അപ്പോസ്തൊലിക്ക് വിസിറ്റേറ്റർ മാത്രമായ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഡബ്ലിനിൽ എത്തിയത്. ഡബ്ലിൻ സോണലിൽ വിളിച്ചു ചേർത്ത രഹസ്യമീറ്റിംഗിൽ വച്ചാണ് കൃഷിഭൂമിയായി കണക്കാക്കപ്പെട്ടിരിക്കുന്ന ഭൂമി വാങ്ങണമെന്ന തീരുമാനം എടുപ്പിച്ചത് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
അഭിപ്രായ വിത്യാസത്തെ തുടർന്ന് ചില മാസ്സ് സെന്റർ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു പ്രസ്തുത മീറ്റിംഗിൽ നിന്നും ഇറങ്ങി പോയി. വിശ്വാസികൾക്ക് എന്തിനാണ് കൃഷിഭൂമി എന്ന ചോദ്യമാണ് ഇപ്പോൾ പരക്കെ ഉന്നയിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത് റിയൽ എസ്റ്റേറ്റ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണെന്ന് കരുതേണ്ടി വരുന്നു.
അവിടെ പള്ളി പണിയാൻ പറ്റില്ലെന്ന് അറിയാമെന്നും സിറോ മലബാർ വിശ്വാസികൾക്ക് മേള നടത്താനാണ് സ്ഥലം വാങ്ങിക്കുന്നതെന്നുമുള്ള ഒരു മുടന്തൻ വിശദീകരണം ചില കമ്മിറ്റിക്കാർ മുഖേന ഭൂമികച്ചവടത്തിനു മുൻപിൽ നിൽക്കുന്നവർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ വിശ്വാസം പകർന്നുകൊടുക്കലാണോ മേള നടത്തലാണോ സിറോ മലബാർ ചെയ്യേണ്ടത് എന്ന ചോദ്യമാണ് സാധാരണ വിശ്വാസികൾ തിരിച്ചു ചോദിക്കുന്നത്.
ഡബ്ലിനിൽ നീക്കിയിരിപ്പുള്ള ആറു ലക്ഷം യൂറോയിൽ ബിഷപ്പ് ചിറപ്പണത്തും സ്ഥിരമായി പള്ളിക്കമ്മിറ്റിയിൽ ഉള്ള ചിലരും കണ്ണുവയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി എന്നാണ് ശ്രുതി. പൊതു ആവശ്യത്തിനു സാധിക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഈ സ്ഥലം വാങ്ങിക്കുന്നത് പിന്നീട് മറിച്ചു വിൽക്കാനും അതിന്റെ ലാഭം വീതിച്ചെടുക്കാനും വേണ്ടിയാണെന്ന സംസാരം ഡബ്ലിനിൽ പരക്കെയുണ്ട്.
കൂടാതെ മലയാളികളായ വൈദീകർ റിക്രൂട്ട്മെന്റ് ഏജൻസിയും, മലയാളി കട ചെയിനും, ഇപ്പോൾ ഭൂമി കച്ചവടത്തിനുമൊക്കെയായി ഇറങ്ങിയിരിക്കുന്നതിൽ സിറോ മലബാർ വിശ്വാസികൾക്ക് കടുത്ത അമർഷമുണ്ട്.
ആസ്‌ട്രേലിയയിൽ ബിഷപ്പ് ബോസ്‌കോ പുത്തൂരും യുകെയിൽ ബിഷപ്പ് ജോസഫ് ശ്രാമ്പിക്കലും സമാനമായി പ്ലാനിങ് അനുമതിയില്ലാത്ത സ്ഥലം വാങ്ങി വിശ്വാസികളുടെ പണം നഷ്ടപ്പെട്ട ചരിത്രമാണുള്ളത്. ഇതൊക്കെ അറിഞ്ഞിരുന്നുകൊണ്ടുതന്നെ ഇത്തരം ഒരു സാഹസത്തിനു മുതിരുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ബിഷപ്പ് ചിറപ്പണത്തും നാഷണൽ കോർഡിനേറ്ററും മറുപടി പറയണമെന്ന് അൽമായ സംഘടനയായ സിറോ മലബാർ കമ്മ്യുണിറ്റി (SMCI) അയർലൻഡ് ആവശ്യപ്പെട്ടു. മാത്രവുമല്ല യാതൊരു ഭരണാധികാരവുമില്ലാത്ത ചിറപ്പണത്ത് മെത്രാന് എങ്ങനെയാണു ഭൂമി വാങ്ങാൻ സാധിക്കുകയെന്നും, ഈ ഇടപാടിൽ ദുരൂഹതകളുണ്ടെന്നും SMCI ആരോപിച്ചു.
നാഴികക്ക് നാൽപതു വട്ടം സഭയുടെ സ്വത്തിനോടുള്ള ആർത്തിയെ വിമർശിച്ചു പ്രസംഗിച്ചു സ്വീകരണവും കൈയടിയും ഏറ്റുവാങ്ങുന്ന അഭിവന്ദ്യ മെത്രാന്റെ മൗന അനുവാദവും ഈ ഭൂമി കുംഭകോണത്തിൽ ഉണ്ടോ എന്നും വിശ്വാസികൾ സംശയിക്കുന്നു.
വിവിധ ആവശ്യങ്ങൾ പറഞ്ഞും നിർബന്ധ പിരിവായും വലിയൊരു തുക അയർലണ്ടിലെ കോർക്ക്, ഗാൾവേ, ലീമെറിക്ക്, വാട്ടർഫോർഡ് തുടങ്ങിയ സ്ഥലങ്ങളിലുള്ള മാസ്സ് സെന്ററുകളിൽ ഉണ്ട്. അതെല്ലാം കവർന്നെടുക്കാനുള്ള തന്ത്രമാണ് ഇതെന്നും ആരോപണമുണ്ട്. അതിനുവേണ്ടി അയർലണ്ടിലെ എല്ലാവരെയും പിഎംഎസിൽ ചേർത്തു കാശുപിരിക്കാൻ ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി.
എന്നാൽ ചതി തിരിച്ചറിഞ്ഞ പല മാസ്സ് സെന്ററുകളും അതിൽ നിന്നും വിട്ടു നിൽക്കുകയാണ്. എല്ലാ മാസ്സ് സെന്ററുകളിലെയും ബാങ്ക് അകൗണ്ടുകളിൽ നീക്കിയിരുപ്പുള്ള യൂറോയിൽ കണ്ണ് വച്ചുള്ള ഈ തീക്കളി മറ്റൊരു സഭാ തർക്കത്തിലേക്ക് വഴി വച്ചേക്കുമെന്ന ആശങ്കയാണ് ഇപ്പോൾ അയർലണ്ടിലെ സിറോ മലബാർ അംഗങ്ങൾ പങ്കുവയ്ക്കുന്നത്.