തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ ഡാം നാളെ തുറക്കുമെന്ന് തൃശൂർ ജില്ലാ കലക്ടറുടെ അറിയിപ്പ്. ഡാമിലെ ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പെരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും എന്ന് അറിയിപ്പിൽ പറയുന്നു.(Announcement to open Sholayar Dam tomorrow; Warning for people on the banks of Chalakudy river)
പെരിങ്ങല്‍ക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒരുക്കാന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.