പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ
കൊച്ചി: ട്വന്റി20 പാർട്ടിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിനിമാതാരങ്ങൾക്ക് പ്രാധാന്യം. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ സ്ഥാനാർഥിയാകുമ്പോൾ, ഏറ്റുമാനൂരിൽ വീണ നായരും പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയും മത്സരിക്കും. പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആണ് പ്രഖ്യാപനം നടത്തിയത്.
താൻ മത്സരരംഗത്തില്ലെന്നും, കേരളത്തിൽ എവിടെയും മത്സരിക്കില്ലെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. എന്നാൽ പ്രമുഖരെ ഉൾപ്പെടുത്തി ശക്തമായ സ്ഥാനാർഥിപ്പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്.
രാഷ്ട്രീയ രംഗത്ത് ആദ്യമായാണ് മത്സരിക്കുന്നതെന്ന് അഞ്ജലി നായർ പറഞ്ഞു. “എല്ലാ പാർട്ടിക്കാരുമായും സൗഹൃദമുണ്ട്. എന്നെ രാഷ്ട്രീയത്തിൽ കാണണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. അതാണ് എന്നെ സ്ഥാനാർഥിയാകാൻ പ്രേരിപ്പിച്ചത്,” അഞ്ജലി വ്യക്തമാക്കി.
കുടുംബത്തിന്റെ പിന്തുണയോടെയാണ് തിരഞ്ഞെടുപ്പിൽ ഇറങ്ങുന്നതെന്നും അവർ പറഞ്ഞു. തൃപ്പൂണിത്തുറയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന ഉറപ്പും അവർ നൽകി.
അതേസമയം, തൃക്കാക്കരയിൽ സംവിധായകനും നടനുമായ അഖിൽ മാരാർ ട്വന്റി20 സ്ഥാനാർഥിയായി മത്സരിക്കുന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഏറ്റുമാനൂരിൽ നടി വീണ നായരും തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാറും ട്വന്റി20 സ്ഥാനാർഥികളായി മത്സരിക്കും.
ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് 26 വർഷത്തിലേറെ പരിചയമുള്ള പ്രോമി കുര്യാക്കോസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധേയയാണ്. നടിയും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ പെരുമ്പാവൂരിൽ ശ്രദ്ധേയ സ്ഥാനാർഥിയാണ്.
തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജലി നായർ സിനിമ-സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായതിനൊപ്പം കോർപ്പറേറ്റ് ഗിഫ്റ്റിംഗ് മേഖലയിൽ സംരംഭകയുമാണ്. ഏറ്റുമാനൂർ സ്വദേശിനിയായ വീണ നായർ നടിയും നർത്തകിയുമാണ്.
പുതുമുഖങ്ങളെയും സിനിമ-സാംസ്കാരിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ഉൾപ്പെടുത്തിയാണ് പാർട്ടി സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ മാത്രം മത്സരിച്ചിരുന്ന ട്വന്റി20, ഇത്തവണ എൻഡിഎ ഘടകകക്ഷിയായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 സീറ്റുകളിൽ മത്സരിക്കും. ഇതുവരെ 12 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary
The Twenty20 party has announced actress Anjali Nair as its candidate in Thrippunithura, with Veena Nair contesting from Ettumanoor and Lakshmipriya from Perumbavoor. The announcement was made by party president Sabu M. Jacob.
Anjali Nair stated that this is her first time entering electoral politics and that she decided to contest to fulfill her father’s wish. She also emphasized that she maintains friendly relations across political parties and aims to work closely with the people.
Meanwhile, filmmaker and actor Akhil Marar will contest from Thrikkakara as a Twenty20 candidate.









