റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ
പത്തനംതിട്ട: തിരുവല്ലയിൽ പെൺമക്കളോടൊപ്പം കാണാതായ റീന എന്ന യുവതിയുടെ ഭര്‍ത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കവിയൂരിലെ വീട്ടിലാണ് അനീഷ് മാത്യുവിനെ (41) മരിച്ച നിലയിൽ കണ്ടെത്തിയത്.
അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അനീഷിന്റെ ഭാര്യ റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് രണ്ടാഴ്ചയായി. അനീഷിന്‍റെ ഭാര്യയെയും മക്കളെയും കണ്ടെത്താൻ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും എസ്പി നിയോഗിച്ചിരുന്നു.
അതിനിടെ റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനീഷും റീനയും തമ്മിലുള്ള കുടുംബപ്രശ്നം നേരത്തെ ഇവരുടെ ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്. ഈ മാസം പതിനേഴിനാണ് റീനയെയും മക്കളെയും കാണാതാവുന്നത്. എന്നാൽ, രണ്ടു ദിവസത്തിന് ശേഷമാണ് വിവരം അറിയിച്ചതെന്ന് റീനയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു.
ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം
തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ രാമൻകുട്ടിയാണ് മരിച്ചത്. വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ചുമർ പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് രാമൻകുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം
തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് അപകടമുണ്ടായത്.
ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.
ഥാര്‍ റേസിങ്ങിനിടെ അപകടം സംഭവിച്ചെന്നാണ് കരുതുന്നത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപം ഥാര്‍ തൂണിൽ ഇടിച്ചു മറിയുകയായിരുന്നു.
വാഹനത്തിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്. അപകടത്തിൽ മരിച്ച ഷിബിനാണ് ഥാറോടിച്ചിരുന്നത്. പരുക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്.
Summary: A shocking incident was reported in Thiruvalla where Anish Mathew (41) was found dead at his house in Kaviyoor. His wife Reena and their daughters had gone missing earlier, raising serious suspicion and concern.