ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ ആക്ടീവ സ്കൂട്ടറിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഭിന്നശേഷിക്കാരമായ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ഏറ്റുമാനൂർ- മണർകാട് ബൈപ്പാസിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വടക്കേനട ഭാഗത്ത് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വടക്കേനട റോഡിൽ നിന്നും
ബൈപാസ് റോഡ് കുറുകെ കടക്കുവാൻ സ്കൂട്ടർ യാത്രികൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.തമിഴ്നാട്ടിലേക്ക് ക്ഷേത്രദർശനത്തിന് പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് ആക്ഷേപം. പരിക്കേറ്റ ശിവപ്രസാദ് ക്ഷേത്ര പരിസരത്ത് ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനാണ്. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ബൈപ്പാസ് റോഡിൽ ക്ഷേത്രത്തിന്റെ തെക്കേനട വടക്കേ നട ഭാഗങ്ങളിൽ സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ സുരേഷ് വടക്കേടം പറഞ്ഞു. അപകടത്തിൽ സാരമായി പരിക്കേറ്റ് റോഡിൽ കിടന്ന ശിവപ്രസാദിനെ അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്.
Read Also: ഇടുക്കി കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദ്ദനം: ദൃശ്യങ്ങൾ പുറത്ത്