ഇറാന്‍ ചരക്ക് കപ്പല്‍ മുങ്ങി ആറ് പേര്‍ മരിച്ചു. കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ മുങ്ങിയെന്നു കരുതുന്ന കപ്പലിൽ ഉള്ളവരിൽ ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോർട്ട്. (An Iranian merchant ship capsized in the Kuwaiti sea border)
ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇറാന്‍-കുവൈറ്റ് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ ആദ്യ ദിവസം മൂന്നു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇറാന്‍റെ തുറമുഖ, മാരിടൈം നാവിഗേഷന്‍ അതോറിറ്റി മേധാവി നാസര്‍ പസാന്ദേയാണ് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.
തൃശൂര്‍ സ്വദേശിയായ വേലക്കേത്ത് വീട്ടില്‍ ഹനീഷ് ഹരിദാസ് (26) കപ്പലിലെ ജീവനക്കാരനാണ്. കപ്പലിന്റെ മുബൈയില്‍ ഓഫീസില്‍ നിന്ന് ഹനീഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ധരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഹനീഷിനെ കൂടാതെ മറ്റൊരു മലയാളിയും കപ്പലിൽ ഉണ്ടായിരുന്നതായിട്ടാണ് സൂചന.
ഞായറാഴ്ചയാണ് ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തത്. കപ്പല്‍ മറിഞ്ഞതിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചുവരുന്നു.