തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമായി കണ്ടെത്തി. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറഞ്ഞു. അതേസമയം, ആനയെ കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു.
രണ്ട് വർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂട് തന്നെ മതിയാകുമോ എന്ന ആലോചനയിലാണ് വനം വകുപ്പ്. കൊമ്പനെ ചികിത്സിക്കാനായി ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്ഥലത്തെത്തും. ആനയെ നിരീക്ഷിച്ച ശേഷം മാത്രമേ എങ്ങനെ ചികിത്സ നൽകാമെന്ന കാര്യം തീരുമാനമാകൂ.
ആനയെ ചികിത്സയ്ക്കായി എത്തിക്കേണ്ട കോടനാട് ആനക്കൊട്ടിലിൻറെ അവസ്ഥ നേരിട്ടെത്തി തന്നെ പരിശോധിക്കും. രണ്ട് വർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂടിന് നേരിയ ബലക്ഷയം ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. മൂന്നാറിൽ നിന്നും യൂക്കാലി മരങ്ങൾ വെട്ടി കൊണ്ടുവന്ന് പുതിയ കൂടുണ്ടാക്കണമെന്നാണ് വാഴച്ചാൽ ഡിഎഫ്ഒ ആദ്യം നൽകിയിരുന്ന റിപ്പോർട്ട്.
പക്ഷെ പുതിയ കൂട് നിർമ്മിക്കണമെങ്കിൽ കാലതാമസം വരുമെന്നതിനാൽ പഴയ കൂട് അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കാനാവുമോ എന്നാണ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ പരിശോധന നടത്തുന്നത് . കൂട് അനുയോജ്യമെങ്കിൽ ദൗത്യം ഉടൻ ആരംഭിക്കും.