വയോധികയെ കൊന്ന ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ചവർ അറസ്റ്റിലായി. നെല്ലൂർ സ്വദേശി മന്നം രമണിയാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിൽ സേലം സ്വദേശിയായ ബാലസുബ്രഹ്മണ്യം (43), 17 വയസുകാരിയായ മകളും പിടിയിലായി.
ധാരാളം ആഭരണം ധരിക്കാറുള്ള മന്നം രമണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതികൾ കൊലപ്പെടുത്തി. കിടക്കവിരി കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം താലിമാല, മറ്റൊരു സ്വർണമാല, കമ്മൽ എന്നിവ കവർന്നു. നെല്ലൂരിൽ നിന്ന് സബേർബൻ ട്രെയിനിൽ കയറിയ ബാലസുബ്രഹ്മണ്യവും മകളും ചെന്നൈയ്ക്ക് സമീപം മിഞ്ചൂരിൽ ഇറങ്ങുകയും ചെയ്തു. ബാഗ് ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലുളള മൃതദേഹം കണ്ടെത്തി.
മന്നം രമണി മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനെ തുടർന്നാണ് കൃത്യം നടത്തിയതെന്ന് ബാലസുബ്രഹ്മണ്യം ആദ്യം പൊലീസിന് മൊഴി നൽകി. പിന്നാലെയാണ് സത്യാവസ്ഥ പുറത്തുവന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
English summary : An attempt was made to kill an elderly woman and leave her body in a trolley bag in a train; Father and daughter were arrested