മഞ്ചേരി: കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബുധനാഴ്ച പുലർച്ചയാണ് സംഭവം. തമിഴ്നാട് സേലം കലക്കുറുച്ചി സ്വദേശികളായ അഞ്ചംഗ കുടുംബത്തിനാണ് ദുരനുഭവം നേരിട്ടത്.
വയോധികനായ യാക്കോബ്, ഭാര്യ മേരി, മകൾ പിച്ചമ്മ, പിച്ചമ്മയുടെ ഭർത്താവ് മാരിമുത്തു, ഇവരുടെ മകൾ ആറ് വയസ്സുകാരി മഹാലക്ഷ്മി എന്നിവർ മഞ്ചേരി ടി.ബി റോഡിലെ കടത്തിണ്ണയിലാണ് ഉറങ്ങിയിരുന്നത്. പതിവുപോലെ മഹാലക്ഷ്മിയെ അമ്മയുടെ ശരീരത്തിൽ ചേർത്തുകെട്ടിയാണ് കിടന്നത്. കുട്ടിയെ മറ്റാരും കാണാതിരിക്കാൻ കുട തുറന്നുവച്ച് മറച്ചിരുന്നു. പുലർച്ചെ രണ്ടിന് മഹാലക്ഷ്മിയുടെ ഞെരുക്കം കേട്ട് കണ്ണുതുറന്നപ്പോൾ രണ്ടുപേർ ചേർന്ന് അവളെ കൈക്കലാക്കിയിരിക്കുന്നു. എതിർക്കാൻ ശ്രമിച്ചപ്പോൾ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അക്രമികളിൽ ഒരാളെ കീഴ്പ്പെടുത്തിയത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസിൽ പരാതി പറയാൻ പിച്ചമ്മയും കുടുംബവും മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്ന ആശങ്ക ഉയർന്നതോടെ പരാതി നൽകാതെ പിന്മാറി. വാർഡ് കൗൺസിലർ അഡ്വ. പ്രേമ രാജീവിന്റെ നേതൃത്വത്തിൽ ഇവർക്ക് താൽക്കാലിക വീട് ഒരുക്കാനുള്ള ശ്രമത്തിലാണ്.