ബെംഗളൂരു: തന്റെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നാശത്തിനായി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗങ്ങളും മൃഗബലികളും നടത്തിയെന്ന വിവരം ലഭിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവർത്തികൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ പറയുന്നു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തൻ്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന വിശുദ്ധ നൂലിനെ എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു.
തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗങ്ങൾ നടത്തുന്നത്. കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം,(അഗ്നിബലി) പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തുന്നത്. ചുവന്ന ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്. യാഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.
Read Also: 31.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read Also: സ്കൂൾ തുറക്കാനിരിക്കെ ഇരുട്ടിലായി ഡിഇഒ ഓഫീസ്; കെഎസ്ഇബി ഫ്യൂസ് ഊരുന്നത് രണ്ടാം തവണ