ട്രെയിനുണ്ട്, സ്റ്റോപ്പില്ല; അമൃത്‌ഭാരത് എക്സ്പ്രസ് വന്നിട്ടും മലബാറിന് അവഗണന
കോഴിക്കോട്: നാഗർകോവിൽ–മംഗളൂരു–നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുമ്പോഴും മലബാർ മേഖല വീണ്ടും അവഗണിക്കപ്പെടുന്നതായി വിമർശനം ശക്തമാകുന്നു.
മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ അമൃത്‌ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുകൾ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിൽ ട്രെയിനിന് വെറും അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് നിർത്തൽ അനുവദിച്ചിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓരോ സ്റ്റേഷനുകൾക്ക് മാത്രമാണ് സ്റ്റോപ്പ്. അതേസമയം, നാഗർകോവിലിനും ഷൊർണൂരിനും ഇടയിൽ 13 സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ രണ്ട് സ്റ്റേഷനുകളിലും ആലപ്പുഴയിൽ മൂന്ന് സ്റ്റേഷനുകളിലും നിർത്തൽ അനുവദിച്ചിട്ടുണ്ട്.
തൃശൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഓരോ സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ്.
കൊയിലാണ്ടി, വടകര, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ ഉയർന്ന വരുമാനം നേടുന്ന സ്റ്റേഷനുകൾ പൂർണമായും ഒഴിവാക്കിയതും ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കി.
വടകരയിൽ ശരാശരി വാർഷിക വരുമാനം ഏകദേശം 30 കോടി രൂപയാണെങ്കിൽ, കൊയിലാണ്ടിയിൽ 21 കോടിയും പയ്യന്നൂരിൽ 24 കോടിയും കാഞ്ഞങ്ങാട്ട് 18 കോടിയും വരുമാനമുണ്ട്.
ഇതിലും കുറഞ്ഞ വരുമാനമുള്ള ചങ്ങനാശ്ശേരി, മാവേലിക്കര സ്റ്റേഷനുകളിൽ അമൃത്‌ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതും വിവാദമായിരിക്കുകയാണ്.
പ്രതിവാര സർവീസായെങ്കിലും ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ രാത്രിസമയത്ത് ഈ ട്രെയിൻ ഓടിയിരുന്നെങ്കിൽ യാത്രക്കാർക്ക് വലിയ ആശ്വാസമായേനെയെന്ന് റെയിൽവേ ഉപയോക്താക്കൾ പറയുന്നു.
വൈകുന്നേരത്തെ നേത്രാവതി എക്സ്പ്രസിന് ശേഷം പുലർച്ചെയോടെ മാത്രമാണ് മംഗളൂരുവിലേക്ക് മറ്റ് പ്രതിവാര ട്രെയിനുകൾ ലഭ്യമാകുന്നത്. ഈ ഇടവേളയിൽ ഓടുന്ന ട്രെയിനുകളിൽ വന്ദേഭാരത് ഒഴികെയുള്ളവ കണ്ണൂർ വരെ മാത്രമാണ് പോകുന്നത്.
തിരുവനന്തപുരം ഡിവിഷനാണ് അമൃത്‌ഭാരത് എക്സ്പ്രസിന്റെ സർവീസ് നടത്തുന്നത്. നാഗർകോവിലിൽ നിന്ന് മംഗളൂരുവിലേക്ക് 17 മണിക്കൂർ 20 മിനിറ്റാണ് യാത്രാസമയം നിശ്ചയിച്ചിരിക്കുന്നത്.
പുലർച്ചെ 1.55-ന് ട്രെയിൻ കാസർകോട് എത്തുമ്പോഴും, അവിടെ നിന്ന് മംഗളൂരുവിലേക്ക് വെറും 46 കിലോമീറ്റർ ദൂരം മറികടക്കാൻ മൂന്ന് മണിക്കൂർ സമയം അനുവദിച്ചിരിക്കുന്നതും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ഇതുമൂലം ട്രെയിൻ മൂന്ന് മണിക്കൂർ വരെ വൈകിയാലും റെയിൽവേ കണക്കിൽ കൃത്യസമയത്ത് മംഗളൂരുവിൽ എത്തുന്നുവെന്നതാണ് സ്ഥിതി.
English Summary:
The launch of the Nagarcoil–Mangaluru–Nagarcoil Amrit Bharat Express has triggered criticism over alleged neglect of the Malabar region. The train has very limited stops in Malabar districts, while more stations are allotted in southern Kerala despite several Malabar stations generating higher revenue. Rail users argue that the lack of stops and inefficient scheduling reduce the train’s potential usefulness, especially for night-time travel between Shoranur and Mangaluru.
amrit-bharat-express-malabar-neglect-criticism
Amrit Bharat Express, Malabar, Kerala Railways, Train Stops, Railway Protest, Mangaluru, Nagarcoil









