തിരുവനന്തപുരം: ജില്ലയിൽ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയ്ക്കാണ് (24) രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി.(Amoebic encephalitis again in Thiruvananthapuram district)
രോഗ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണു ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രോഗം ബാധിച്ച് നെയ്യാറ്റിൻകര കണ്ണറവിള പൂതംകോട് സ്വദേശി അഖിൽ (27) കഴിഞ്ഞ മാസം 23നാണ് മരിച്ചത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ 5 പേർക്ക് കൂടി രോഗം ബാധിച്ചു. ഇവരെല്ലാം കണ്ണറവിള കാവിൽകുളത്തിൽ കുളിച്ചവരായിരുന്നു. പിന്നാലെ പേരൂർക്കട മണ്ണാമൂല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പൊതുകുളം ഉപയോഗിക്കാത്ത പേരൂർക്കട സ്വദേശിക്കു രോഗമുണ്ടായത് എവിടെനിന്നാണെന്നു കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞദിവസം, ആരോഗ്യവകുപ്പ് അധികൃതർ കാവിൻകുളത്തിലെ കലങ്ങിയ വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് നൽകിയെങ്കിലും ഫലം ലഭിച്ചിട്ടില്ല. മുൻപ് കുളത്തിൽ നിന്ന് ശേഖരിച്ചത് തെളിഞ്ഞ വെള്ളമായതിനാൽ പരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.