കൊച്ചി: ആലുവയിൽ പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊന്ന പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷ. വിചാരണ കോടതി ജഡ്ജി കെ.സോമനാണ് വിധി പ്രഖ്യാപിച്ചത്. ആലുവയിൽ താമസിക്കുന്ന അതിഥിതൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതിയ്ക്ക് മേൽ പോലീസ് ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.12 വയസിൽ താഴെയുളള കുട്ടിയെ ബലാത്സംഗം ചെയ്യൽ, പോക്സോ നിയമത്തിൽപ്പെട്ട ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിന് ക്ഷതമേൽപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന നാല് കുറ്റങ്ങൾ വേറെയും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ, ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരടക്കം 41 സാക്ഷികളെ കേസിൽ വിസ്‌തരിച്ചു. പ്രതിക്കെതിരെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനായി. ഇതെല്ലാം വധശിക്ഷ വിധിക്കാൻ പര്യാപ്തമായിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്ന് കോടതി കണ്ടെത്തി. പ്രതിയായ അസ്ഫാക് ആലത്തിന്റെ പ്രായകുറവ്, പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ കോടതി പരിശോധിച്ചു.പ്രതിയുടെ മനസിക നില പരിശോധന റിപ്പോർട്ടുകൾ സർക്കാരും, ജയിൽ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയിൽ മുദ്രവെച്ച കവറില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ശിക്ഷാ വിധി പറഞ്ഞത്.
കുറ്റവും ശിക്ഷയും
1.തെളിവ് നശിപ്പിക്കൽ – അഞ്ച് വർഷം
2.കുട്ടികൾക്ക് ലഹരി നൽകൽ – മൂന്ന് വർഷം
3.പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കൽ – ജീവപര്യന്തം ശിക്ഷ
4.മാരകമായ പരിക്കേൽപ്പിക്കൽ – ജീവപര്യന്തം
ആലുവ കൊലപാതകം.
2023 ജൂലൈ 28 ന് ബിഹാർ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച സൂചന വച്ച് അസ്ഫാക്ക് ആലം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന അസ്ഫാക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പോലീസിനു മൊഴി നൽകി. പക്ഷെ തൊട്ടടുത്ത ദിവസമായ ജൂലൈ 29 ന് ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ളാന്റിനോട് ചേർന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവെച്ച നിലയിൽ മൃതദേഹം കണ്ടെത്തി. അപ്പോഴേയ്ക്കും കുട്ടിയെ കാണാതായി 18 മണിക്കൂർ പിന്നിട്ടിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 30 ന്
അസ്ഫാക്കിനെതിരെ ഒൻപത് വകുപ്പുകൾ പ്രതി ചേർത്തു. ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡു ചെയ്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പ്രതി അസ്ഫാക്ക് മുമ്പും പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചയാളാണെന്ന് ഇതിനിടയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കി. ഓഗസ്റ്റ് 03 ന് പ്രതിയെ ആലുവ മാർക്കെറ്റിലെത്തിച്ചു തെളിവെടുത്തു. കുട്ടി ധരിച്ചിരുന്ന ബനിയൻറെ ഭാഗവും രണ്ടു ചെരുപ്പുകളും പോലീസ് കണ്ടെടുത്തു. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചുകൊണ്ടുളള സർക്കാർ ഉത്തരവ് കൈമാറി. സെപ്റ്റംബർ 1ന് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലഹരിക്കടിമയായ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.