പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് കെട്ടിട നിർമാണത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഏഴംകുളംകൈപ്പട്ടൂര്‍ റോഡിലെ ഓടയുടെ നിര്‍മ്മാണമാണ് കോണ്‍ഗ്രസ് തടഞ്ഞത്.Allegation that Minister Veena George’s husband encroached on land during construction
ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്നാണ് ആരോപണം, സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിലെ ഓടനിര്‍മ്മാണമാണ് വിവാദമായത്.
ഇന്നലെ സിപിഎം ജില്ലാ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സ്ഥലത്തെത്തി, പുറമ്പോക്ക് ഒഴിവാക്കി ഇപ്പോള്‍ നിര്‍മിക്കുന്ന സ്ഥലത്തു കൂടി തന്നെ ഓട നിര്‍മിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍ ജില്ലാ സെക്രട്ടറിയുടെ ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.
പുറമ്പോക്ക് ഭൂമിയില്‍ കയ്യേറ്റമുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രസിഡന്റിന്റെ നിര്‍ദേശം അവഗണിച്ച് ഓട നിര്‍മാണം തുടരുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓട നിര്‍മാണം തടഞ്ഞു കൊടികുത്തി. കെട്ടിട നിര്‍മാണ സമയത്തു പുറമ്പോക്ക് കയ്യേറിയതു കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതിമാറ്റിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. തുടര്‍ന്നു പൊലീസെത്തി ഏഴു പേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് അന്യായമാണെന്ന് ആരോപിച്ചു സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. പിന്നീടു പ്രവര്‍ത്തകരെ വിട്ടയച്ചു. ഓട റോഡിന്റെ അതിര്‍ത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, റോഡിന്റെ പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിര്‍മിക്കുന്നതിനു മുന്‍പാണു റോഡിന്റെ അലൈന്‍മെന്റ് നടത്തിയതെന്നും വികസനത്തിനായി ഇനിയും സ്ഥലം വിട്ടു നല്‍കാന്‍ തയാറാണെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.