കുടയത്തൂർ: മലയോളം ആഗ്രഹിച്ചാൽ കുന്നോളം കിട്ടുമെന്ന വാക്യത്തെ അന്വർത്ഥമാക്കുകയാണ് നാല് മിടുക്കൻമാർ. ചെറുവിമാനം ഉണ്ടാക്കി പറത്തിയാണ് ഇവർ ശ്രദ്ധേയരായത്.
മുട്ടം ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി അലൻ ജോബിയും കൂട്ടുകാരായ അലൻ ജോർജുകുട്ടി, വി.എസ്.രാഹുൽ, ജയിംസ് റോയ് എന്നിവർ ചേർന്നാണ് ചെറുവിമാനം നിർമിച്ച് ഏവരേയും അത്ഭുതപ്പെടുത്തിയത്.
പൈലറ്റാകണമെന്നായിരുന്നു അലന്റെ ആഗ്രഹം. അതിന്റെ ചെലവ് അറിഞ്ഞപ്പോൾ ആഗ്രഹം ഉള്ളിലൊതുക്കി. എന്നാൽ, ആകാശം കൈപ്പിടിയിലാക്കാനുള്ള മോഹം അടക്കാനായില്ല.
കൂട്ടുകാരെ കൂടെക്കൂട്ടി സ്വന്തമായി ഒരു ചെറുവിമാനമുണ്ടാക്കി പറപ്പിച്ചു. സ്‌കൂളിൽ സംഘടിപ്പിച്ച എക്‌സിബിഷനിൽ തങ്ങളുടെ സ്വപ്നത്തെ അവർ ഉയരങ്ങളിലേക്ക് പറത്തിവിട്ടു.
എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ആ കുഞ്ഞൻ വിമാനം ഏതാണ്ട് 1200 മീറ്റർ ഉയരത്തിൽ പറന്ന ശേഷം തിരികെയെത്തി. പൈലറ്റാകണമെന്ന മോഹം ചെലവേറിയതാണെന്ന് അറിഞ്ഞപ്പോഴാണ് സ്വന്തമായൊരു വിമാനമുണ്ടാക്കി അത് പറത്താമെന്ന ആശയം അലനുണ്ടായത്. കൂട്ടുകാരും ഒപ്പം കൂടി.
അങ്ങനെ പ്ലസ്‌വൺ പഠനത്തിനിടെ കഴിഞ്ഞ വർഷം സ്വന്തം നിലയിൽ ഒരെണ്ണം നിർമ്മിച്ചു. എന്നാൽ വാൽ ഭാഗത്തിന് ഭാരം അൽപം കൂടിപ്പോയതിനാൽ ആകാശയാത്ര സാധ്യമായില്ല. എന്നിരുന്നാലും പ്രതീക്ഷ കൈവിടാതെ അലനും കൂട്ടുകാരും വീണ്ടും ശ്രമം തുടർന്നു.
ഇന്റർനെറ്റ്, അധ്യാപകർ,ഇത്തരം നിർമിതികളുണ്ടാക്കുന്നവർ എന്നിവരിൽ നിന്നൊക്കെ ഉപദേശം തേടി. അങ്ങനെ വിമാന സ്വപ്നത്തിന് വീണ്ടും ചിറക് നൽകി.
ഒടുവിൽ ഏകദേശം അയ്യായിരം രൂപ ചെലവിൽ ഡെട്രോൺ ഷീറ്റുകളും ചെറിയൊരു മോട്ടോറുമൊക്കെയുള്ള ചെറുവിമാനം പൂർത്തിയാക്കി. കൈകൊണ്ട് പറത്തിവിടുന്ന താണ് ഈ വിമാനം.
ഈ കുഞ്ഞൻ വിമാനത്തെ കൂടുതൽ നവീകരിച്ച് നിലത്തുനിന്നും തനിയെ ഉയർന്നുപറക്കുന്ന രീതിയിലാക്കാനുള്ള യത്‌നത്തിലാണ് അലൻ ജോബിയും കൂട്ടുകാരൻ അലൻ ജോർജുകുട്ടിയും.
അതിനുവരുന്ന ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് ഇവരുടെ പ്രശ്‌നം. എന്നിരുന്നാലും വൈകാതെ സബ്ജില്ലാ തല എക്‌സിബിഷനിൽ തങ്ങളുടെ സ്വപ്നം യാഥാർഥ്യമായി ആകാശത്ത് പറക്കുന്നത് കാണാനാകുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.
കുടയത്തൂർ കണ്ടനാനിക്കൽ ജോബി സബാസ്റ്റിയന്റേയും ബിജിയുടെയും മകനാണ് അലൻ.സഹോദരി അനീന ഒമ്പതിൽ പഠിക്കുന്നു. മേലുകാവുമറ്റം പീടികയൽ ജോർജുകുട്ടി ഏബ്രഹാമിന്റെയും സുജ ഐസക്കിന്റെയും മകനാണ് അലൻ ജോർജുകുട്ടി.
മേലുകാവ് കാഞ്ഞിരംകവല വയലിൽ വി.ഡി. സാബുവിന്റെയും മായയുടെയും മകനാണ് രാഹുൽ. വാഴക്കുളം എടാട്ടേൽ നെല്ലിക്കുന്നേൽ റോയി ജേക്കബിന്റെയും സിന്ധുവിന്റെയും മകനാണ് ജയിംസ്.