ആന പാപ്പാന്മാർക്കായി നടന്ന പിഎസ് സി പരീക്ഷയിൽ ആനയെക്കുറിച്ച് ഒറ്റ ചോദ്യമില്ല. എറണാകുളം വയനാട് ജില്ലകളിലേക്ക് ആന ക്യാമ്പുകളിലേക്ക് പാപ്പാന്മാർക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയാണ് കോമഡിയായത്. ലസാഗുവും ഉസാഘയും ദ്രവ്യവും പിണ്ഡവും മുതൽ ആറ്റത്തിന്റെ ഘടന വരെ ചോദ്യപേപ്പറിൽ കടന്നുകൂടി. ഐഎൻഎസ് മഹീന്ദ്രയ്ക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നൽകിയിരിക്കുന്നത്? പാരപ്പറ്റിൽ വച്ചിരിക്കുന്ന ചെടിച്ചട്ടി താഴേക്ക് വീഴുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം ഏത്? ഇന്ത്യൻ ഭരണഘടനയിൽ ഏത് വിഭാഗത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് എന്നിങ്ങനെ ലോകത്തുള്ള സകല അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ചോദ്യമുണ്ട്. ആനയും ആന പരിചരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാം പടിക്ക് പുറത്തും. ഇത്രയും കാര്യങ്ങൾ പഠിക്കാനുള്ള യോഗ്യതയുണ്ടെങ്കിൽ ആനപ്പാപ്പാന്റെ പണിക്ക് എന്തിന് വരണം എന്നാണ് പാപ്പാന്മാർ തന്നെ ചോദിക്കുന്നത്. ദേവസ്വം ബോർഡുകളിൽ നാലാം ക്ലാസ് ആണ് ആനപ്പാപ്പാനുള്ള യോഗ്യത. എന്നാൽ വനം വകുപ്പിന്റെ കാര്യത്തിൽ അത് ഏഴാം ക്ലാസ് ആണ്. ഉയർന്ന യോഗ്യത പരിധി നിശ്ചയിച്ചിട്ടില്ല. ആന പരിചരണത്തിന് എന്തിനാണ് എൽഡിസി മോഡൽ ചോദ്യപേപ്പർ എന്നാണ് ഉദ്യോഗാർത്ഥികൾ തന്നെ ചോദിക്കുന്നത്