ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന് മോഹിക്കുന്ന ബിജെപി, വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്ന് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2024ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലും കിട്ടില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. അഴിമതിക്കാരായ നേതാക്കളെല്ലാം ബിജെപിയില്‍ അഭയം തേടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെജ്രിവാള്‍.
”മന്ത്രിമാരെ അറസ്റ്റ് ചെയ്തും ഭയം പരത്തിയും ചില സംസ്ഥാനങ്ങളില്‍ സീറ്റ് നേടാമെന്ന് ബിജെപി കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കു തെറ്റി. ഇതെല്ലാം ഈ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്ന് അവര്‍ക്ക് ഓര്‍മ വേണം. സിബിഐയോ ഇഡിയോ റെയ്ഡ് നടത്തിയാല്‍ അവര്‍ എന്തോ തെറ്റു ചെയ്തവരാണെന്ന് പൊതുജനം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ആ കാഴ്ചപ്പാട് മാറി. അഴിമതി തൊട്ടുതീണ്ടാത്തവരെ മാത്രമേ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്യൂവെന്നാണ് ഇപ്പോഴത്തെ സ്ഥിതി. സിബിഐയും ഇഡിയും ഇപ്പോള്‍ അന്വേഷണ ഏജന്‍സികളല്ല. അവരെ ബിജെപി സേനയെന്നു വിളിക്കുന്നതാകും ഉത്തമം” – കെജ്രിവാള്‍ പറഞ്ഞു.
തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത രീതിയെയും കെജ്രിവാള്‍ വിമര്‍ശിച്ചു. ”തമിഴ്‌നാട്ടില്‍ മന്ത്രിയെ അറസ്റ്റ് ചെയ്ത രീതി തന്നെ ശരിയല്ല. അഴിമാതിക്കാരല്ല സിബിഐയുടെയും ഇഡിയുടെയും ഉന്നമെന്ന് ഈ രാജ്യം മനസ്സിലാക്കുന്നുണ്ട്. മറിച്ച് അഴിമതിക്കാരെല്ലാം ഇപ്പോള്‍ ബിജെപിയില്‍ അഭയം തേടുകയാണ്. അവര്‍ക്കു സംരക്ഷണം ലഭിക്കുമ്പോള്‍ സിബിഐയും ഇഡിയും എതിര്‍പക്ഷത്തുള്ളവരെ ഉന്നമിടുന്നു. തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഒറ്റ സീറ്റു പോലും കിട്ടാന്‍ പോകുന്നില്ല. ഞങ്ങളെല്ലാവരും സ്റ്റാലിന്റെ സര്‍ക്കാരിന്റെ പൂര്‍ണമായി പിന്തുണയ്ക്കുന്നു” – കെജ്രിവാള്‍ പറഞ്ഞു.