ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; യുവാവ് വേദന കൊണ്ട് പുളഞ്ഞത് 5 മാസം; സംഭവം ആലപ്പുഴ മെഡി. കോളേജിൽ
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന്റെ കാലിൽ തറച്ചുകയറിയ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയ സംഭവത്തിൽ ഗുരുതരമായ ചികിത്സാ അനാസ്ഥ ആരോപണം.
പുന്നപ്ര കൊച്ചുപറമ്പ് വീട്ടിൽ അനന്തു (27) എന്ന യുവാവിന്റെ കാലിൽ നിന്ന് അഞ്ചര മാസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ ചില്ല് നീക്കം ചെയ്തു.
ജൂലൈ 17ന് രാത്രി ഒമ്പതോടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ വളഞ്ഞവഴിയിൽ കാറിടിച്ച് പരിക്കേറ്റ അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വലതുകാലിലെ മുറിവ് തുന്നിക്കെട്ടി പ്ലാസ്റ്റർ ഇട്ട് രണ്ട് ദിവസം ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. പിന്നീട് തുന്നൽ എടുത്തെങ്കിലും മുറിവുള്ള ഭാഗത്ത് ശക്തമായ വേദനയും മുഴയും തുടർന്നു.
വേദന മൂലം ലൈറ്റ് ആൻഡ് സൗണ്ട് ജോലിയിലേക്ക് പോകാനാകാതെ അനന്തു ഏറെ നാളായി ബുദ്ധിമുട്ടുകയായിരുന്നു. പിന്നീട് മുഴ പൊട്ടിയതോടെ വീണ്ടും മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും പ്രമേഹം കാരണമെന്ന നിലപാടിലാണ് ചികിത്സ നടന്നത്.
ഐസിയുവിൽ പ്രവേശിപ്പിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും കിടക്ക ലഭ്യമല്ലാത്തതിനെ തുടർന്ന് പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
അവിടെ നടത്തിയ പരിശോധനയിലാണ് തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ചില്ല് കഷണം കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ ചില്ല് നീക്കം ചെയ്തു.
സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ. ഹരികുമാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് അനന്തുവിന്റെ കുടുംബം ജില്ലാ കളക്ടർക്കും പരാതി നൽകി.
അമ്പലപ്പുഴ പൊലീസ് യുവാവിന്റെയും ചികിത്സ നടത്തിയ ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തി.
English Summary
A case of alleged medical negligence has surfaced at Alappuzha Medical College Hospital after a glass fragment was found inside a young man’s leg five and a half months after his wound was stitched.
alappuzha-medical-college-negligence-glass-left-inside-leg
Alappuzha, Medical Negligence, Kerala Health News, Hospital Negligence, Alappuzha Medical College, Patient Safety, Medical Inquiry, Police Investigation









