പത്തനംതിട്ട: ഇത്തവണ ഓണത്തിന് നാട്ടില്‍ വരുമെന്ന് പറഞ്ഞിരുന്ന ആകാശ് എസ് നായരുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞ് വിതുമ്പുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.Akash will not come to celebrate Onam with his father and mother
പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകനായ ആകാശ് എസ് നായര്‍ കുവൈത്തിലെ തീപിടിത്തത്തിലാണ് മരിച്ചത്.
8 വര്‍ഷത്തോളമായി എന്‍ബിടിസി കമ്പനിയിലെ സ്റ്റോര്‍ ഇന്‍ ചാര്‍ജായിരുന്നു. ഒരു വര്‍ഷം മുന്‍പു നാട്ടില്‍ വന്നിരുന്നു. ഇത്തവണ ഓണത്തിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
തീപിടിത്തത്തപ്പറ്റി അറിഞ്ഞതു മുതല്‍ സുഹൃത്തുക്കള്‍ ആകാശിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണെടുത്തില്ല. പിന്നീട് സ്വിച്ച് ഓഫായ നിലയിലായി.
അവിടെയുള്ള പന്തളം സ്വദേശി അരുണും സുഹൃത്തുക്കളും വിവരം തേടി സംഭവം നടന്ന സ്ഥലത്തെത്തിയപ്പോഴാണ് ആകാശ് കുവൈത്തിലെ മുബാറക് ആശുപത്രിയിലുള്ളതായി അറിഞ്ഞതും പിന്നീട് മരണം സ്ഥിരീകരിച്ചതും. ആകാശ് അവിവാഹിതനാണ്.
ഇന്നലെ പുലര്‍ച്ചെയാണ് കുവൈത്തിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 49 പേരാണ് മരിച്ചത്. ഇതില്‍ 40 പേരും ഇന്ത്യക്കാരാണ്. മരിച്ചവരില്‍ 11 മലയാളികളും ഉള്‍പ്പെടുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം സ്വദേശികളാണ് മരിച്ചത്.