റിയാദ്:എയർ ഇന്ത്യയുടെ അനാസ്ഥയെ തുടർന്ന് റിയാദിൽ നിന്ന് നാട്ടിലയച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയില്ല. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച റിയാദിൽ അന്തരിച്ച തിരുവനന്തപുരം കൽതുരുത്തി സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹമാണ് സമയത്ത് നാട്ടിലെത്താതെ മുബൈയിൽ കുടുങ്ങിയത്. ഏപ്രിൽ 29 ന് തിങ്കളാഴ്ച വൈകീട്ട് 7:40 ന് റിയാദിൽ നിന്ന് മുബൈയിലേക്ക് പറന്ന എഐ 922 എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കയച്ചത്. പുലർച്ചെ 2:20 ന് വിമാനം മുബൈയിലെത്തിയെങ്കിലും 5:45 ന് മുബൈയിൽ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലേക്ക് മൃതദേഹം മാറ്റിയിരുന്നില്ല. രാവിലെ 8:10 ന് തിരുവനന്തപുരത്ത് എത്തുന്ന എയർ ഇന്ത്യയുടെ എഐ 1657 വിമാനത്തിൽ മൃതദേഹം എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പുറത്ത് കാത്ത് നിന്നെങ്കിലും ആ വിമാനത്തിൽ സുബൈറിന്റെ മൃതദേഹം ഉണ്ടായിരുന്നില്ല. അതെ വിമാനത്തിൽ റിയാദിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയ സുധീറിന്റെ സഹോദരൻ മുംബൈയിൽ നിന്ന് ബോഡി തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ കയറിയിട്ടുണ്ടല്ലോ എന്ന് എയർലൈൻ ജീവനക്കാരോട് ചോദിച്ച് ഉറപ്പുവരുത്തിയപ്പോൾ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. അത് വിശ്വസിച്ചാണ് സഹോദരൻ മുബൈയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയത്. മൃതദേഹം ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് എയർ ഇന്ത്യ അധികൃതർ പിന്നീട് ബന്ധുക്കളെ അറിയിച്ചത്.