തൃശൂര്‍: സാമ്പത്തികപ്രതിസന്ധിയില്‍ മുങ്ങി കാര്‍ഷികസര്‍വകലാശാല. പുതിയ കോഴ്‌സുകള്‍ തുടങ്ങാനും കുടിശ്ശിക വിതരണം ചെയ്യാനുമായി ഭൂമി പണയപ്പെടുത്തി 40 കോടി സമാഹരിക്കാനൊരുങ്ങുകയാണ് കാര്‍ഷിക സര്‍വ്വകലാശാല. ഇത് സംബന്ധിച്ച് സര്‍വകലാശാല ഭരണസമിതി തീരുമാനപ്രകാരം ഉത്തരവ് പുറത്തിറക്കി.
ഭൂമി വിറ്റ് ഫണ്ട് കണ്ടെത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും വിവാദമാകുമെന്ന് കണക്കിലെടുത്ത് വായ്പ എടുക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. റവന്യൂ മന്ത്രി അംഗമായ കാര്‍ഷിക സര്‍വകലാശാല ഭരണസമിതിയാണ് ഭൂമി പണയപ്പെടുത്തി പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിട്ടുള്ളത്. സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം മൂന്ന് വര്‍ഷമായി ഉയര്‍ത്തുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം.
പണം സ്വരൂപിക്കുന്നതിനായി പുതിയ കോഴ്സുകളില്‍ ചേരുന്ന എന്‍ആര്‍ഐ-ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വലിയ തോതില്‍ കോഷന്‍ ഡെപ്പോസിറ്റ് വാങ്ങാനും ഭരണസമിതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സര്‍വകലാശാല ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ ആണ് ഈ തീരുമാനം നടപ്പാക്കുന്നത്.
എന്നാല്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി സര്‍വകാലശലക്ക് നിലവില്‍ ഇല്ല. അതിനാല്‍ ക്രമേണ ഭൂമി വില്‍ക്കേണ്ടി വരാനുള്ള സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിപിഐഎം-സിപിഐ തര്‍ക്കം രൂക്ഷമായ കാര്‍ഷിക സര്‍വകലാശാലയില്‍ നാലു കൊല്ലത്തില്‍ അധികമായി ഭരണസമിതി പുനസംഘടിപ്പിക്കപ്പെട്ടിട്ടില്ലെന്നും റവന്യൂ മന്ത്രിയെ നോക്കുകുത്തിയാക്കി വൈസ് ചാന്‍സലര്‍ എടുക്കുന്ന തീരുമാനങ്ങളാണ് സര്‍വ്വകലാശാല ഭരണസമിതി കൈക്കൊള്ളുന്നതെന്നും ആരോപണമുണ്ട്.
Also Read: ഐ ഫോൺ കുരങ്ങൻ കൊക്കയിലെറിഞ്ഞു