കൊച്ചി തോപ്പുംപടി സ്വദേശിയായ രാധാമണിയമ്മയുടെ പ്രായം 72. വാഹനപ്രേമികൾക്കിടയിൽ ഈ പേര് സുപരിചിതമാണ്. എന്നാൽ വയസ്സായില്ലേ, പൂമുഖത്ത് കാലും നീട്ടി വീട്ടിൽ ഒതുങ്ങി കഴിയുന്ന അമ്മുമ്മയാകും എന്ന് കരുതുന്നവർക്ക് തെറ്റി. ഈ പ്രായത്തിൽ രാധാമണിയമ്മ സ്വന്തമാക്കിയത് ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ആണ്. ഇപ്പോഴിതാ സൂപ്പർ കാറിലെത്തി സോഷ്യൽ മീഡിയയിൽ വീണ്ടും താരമായിരിക്കുകയാണ് രാധാമണി അമ്മ.
ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ ഓടിക്കുന്ന രാധാമണിയമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. പിന്നീട് അവിടുന്നിങ്ങോട്ട് ഹെവി വാഹനങ്ങളും ജെസിബിയും പോലുള്ള വമ്പൻ വണ്ടികളെല്ലാം അനായാസം കൈകാര്യം ചെയ്യാൻ തുടങ്ങി. A2Z ഹെവി എക്യുപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സ്പോർട്‌സ് കാറോടിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം മഹീന്ദ്ര ഥാറിൽ വന്ന് നേരെ സ്പോർട്‌സ് കാറിലേക്ക് കയറി പറപ്പിക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
പാശ്ചാത്യ രാജ്യങ്ങളിൽ പ്രായമായവർ വണ്ടിയോടിക്കുന്നത് ഒരു സാധാരണ കാഴ്ച്ചയാണെങ്കിലും ഇന്ത്യയിൽ അത്ര പതിവില്ലാത്ത സംഭവമാണിത്. ഇന്ത്യയിൽ ഇത്രയധികം പ്രായമുള്ള ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, കാറുകൾ ഓടിക്കുന്നത് അപൂർവമാണ്. സാധാരണയായി വയസായവർ മക്കളുടെ കൂടെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യാറാണ് പതിവ്. അത്തരക്കാർക്കുള്ള മോട്ടിവേഷൻ കൂടിയാണ് രാധാമണിയമ്മ നൽകുന്നത്.
ഡ്രൈവിംഗ് മാത്രമല്ല കൊച്ചിയിലെ A2Z ഡ്രൈവിംഗ് സ്കൂൾ ഉടമ കൂടിയാണ് രാധാമണി. 1970-ൽ ഭർത്താവാണ് ഈ ഡ്രൈവിംഗ് സ്കൂൾ സ്ഥാപിച്ചത്. 30 വയസുള്ളപ്പോഴാണ് രാധാമണി ആദ്യമായി കാർ ഓടിക്കാൻ പഠിക്കുന്നത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഡ്രൈവിംഗ് പഠിക്കുന്നതെങ്കിലും പിന്നീട് അതിൽ താത്പര്യം കണ്ടെത്താനും ഇവർക്കായി. 11 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇപ്പോൾ ഇവരുടെ കൈയിലുണ്ട്.
എക്‌സ്‌കവേറ്റർ, ഫോർക്ക്‌ലിഫ്റ്റ്, ക്രെയിൻ, റോഡ് റോളർ, ട്രാക്ടർ, കണ്ടെയ്‌നർ ട്രെയിലർ ട്രക്ക്, ബസ്, ലോറി തുടങ്ങി പലതും ഓടിക്കാനുള്ള ലൈസൻസ് രാധാമണി അമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഹെവി വെഹിക്കിൾ ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ് രാധാമണി. 2021 ലാണ് വലിയ ചരക്കുകൾ കൊണ്ടുപോകുന്ന ലോറികൾ വരെ ഓടിക്കാനുള്ള ലൈസൻസ് കിട്ടുന്നത്. അതേസമയം 1988-ൽ ബസിനും ലോറിക്കും ലൈസൻസ് നേടി.
2004-ൽ ഒരു അപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടതിനെത്തുടർന്ന് രാധാമണി അമ്മ ഡ്രൈവിംഗ് സ്കൂൾ ബിസിനസ് സ്വയം നടത്തേണ്ടി വന്നതാണ് ഈ ലൈസൻസുകൾ ലഭിക്കാൻ കാരണം. ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിന് അവർ പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഉടമസ്ഥർക്കോ ഇൻസ്ട്രക്ടർമാർക്കോ ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഈ ഹെവി വാഹനങ്ങളും കാറുകളും ഓടിക്കാനുള്ള ലൈസൻസ് ഉണ്ടെങ്കിലും അമ്മക്ക് യാത്ര ചെയ്യാൻ ഏറ്റവും പ്രിയപ്പെട്ടത് ഇരുചക്ര വാഹനങ്ങളാണ്.
1993-ലാണ് ടൂവീലർ ലൈസൻസ് രാധാമണി സ്വന്തമാക്കുന്നത്. 2020-ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻ്റെ ഭർത്താവ് തനിക്ക് പണ്ടൊരു സ്കൂട്ടർ വാങ്ങിത്തന്നുവെന്നും അതിനുശേഷം താൻ എല്ലായിടത്തും സ്കൂട്ടർ ഓടിച്ചുകൊണ്ട് പോവാറുണ്ടെന്നും രാധാമണി പറഞ്ഞു. അത്യാവശ്യം വരുമ്പോൾ മാത്രമാണ് അവൾ ഫോർ വീലർ എടുക്കുന്നത്. ഇന്ത്യയിൽ 73 വയസുള്ള സ്ത്രീ സ്‌പോർട്‌സ് കാർ ഓടിക്കുന്നത് അത്ഭുതമായതിനാൽ തന്നെ രാധാമണിയമ്മ എപ്പോഴും വൈറലാണ്.
Read Also: കൊലയാളി ടിപ്പർ വീണ്ടും; പയ്യന്നൂരിൽ ബൈക്കിൽ ടിപ്പറിടിച്ച് യുവാവിന് ദാരുണാന്ത്യം