ദിവസങ്ങളായി നീളുന്ന സമരങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെടലോടെയാണ് ടെസ്റ്റ് നടത്താനായത്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചെങ്കിലും ഇതുപ്രകാരം ഇന്ന് മാത്രമാണ് ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പിന് കഴിഞ്ഞത്. സ്വന്തം വാഹനങ്ങളുമായി ടെസ്റ്റിന് എത്തിയ ആളുകൾക്കാണ് ടെസ്റ്റ് നടത്തിയത്. റെസ്റ്റിനെത്തിയവരെ പ്രതിഷേധക്കാർ ഇന്നും തടഞ്ഞു. ടെസ്റ്റ് കഴിഞ്ഞു വാഹനവുമായി പുറത്തിറങ്ങുമ്പോഴും ഇവർക്ക് നേരെ ശക്തമായ പ്രതിഷേധമുണ്ടായി. പത്തനംതിട്ടയിൽ 16 പേരാണ് ടെസ്റ്റിനെത്തിയത്. ചിലയിടങ്ങളിൽ ടെസ്റ്റിന് ഒരാൾ പോലും എത്തിയില്ല.
തിരുവനന്തപുരം മുട്ടത്തറയിൽ മൂന്നുപേർക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. ടെസ്റ്റിനെത്തിയവരെ പോലീസ് ഇടപെട്ട് ഗ്രൗണ്ടിലേക്ക് കയറ്റിഎപ്പോഴും പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചു. സമരക്കാരുടെ കൂക്കി വിളിക്കും അസഭ്യ വർഷങ്ങൾക്കുമിടയിൽ എച്ച് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും പരാജയപ്പെട്ടു. ടൂ വീലർ വിത്ത് ഗിയർ വിഭാഗത്തിൽ എത്തിയ രണ്ട് പേരും റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടു. ടെസ്റ്റ് കഴിഞ്ഞു വാഹനവുമായി പുറത്തിറങ്ങുമ്പോഴും അവർക്കുനേരെ കൂക്കിവിളിയും അസഭ്യവർഷവും തുടർന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മകൾ ഉൾപ്പെടെ റെസ്റ്റിനുണ്ടായിരുന്നു. തന്നെയും മകളെയും ആക്രമിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് സമരക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ പരാതി നൽകി. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.