സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഉയർത്തിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലിന് പിന്നാലെ നടപടി പുനഃപരിശോധിക്കാൻ ആലോചന. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളും പ്രതിസന്ധികളും മറികടക്കാൻ വേണ്ടി ചർച്ച ചെയ്ത സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പെർമിറ്റ് ഫീസ് ഉയർത്തിയത് തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ടായത്. After the assessment that the increase in building permit fee in the state was a setback in the elections, there is a plan to review the action.
2023 ഏപ്രിലിൽ ആയിരുന്നു കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഉൾപ്പെടെ സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചത്. കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയായിരുന്നു വർദ്ധിപ്പിച്ചത്. നിരക്ക് വർദ്ധന തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഇതേ തുടർന്നാണ് സർക്കാർ പുനഃപരിശോധനയ്ക്ക് മുതിരുന്നത്. അപേക്ഷാ ഫീസ് 50 രൂപയിൽ നിന്ന് 1000 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. ഇത് കൂടാതെ പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. വലിയ കെട്ടിടങ്ങൾക്ക് 1750 രൂപയായിരുന്നത് വർദ്ധിപ്പിച്ച് 25000 രൂപയാക്കിയിരുന്നു.
സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരക്ക് വർദ്ധന ജനങ്ങളിൽ വലിയ അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നായിരുന്നു സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ കണ്ടെത്തൽ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ നിരക്ക് കുറയ്ക്കാനുള്ള ആലോചനയിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. ഉടൻതന്നെ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.