മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സും വിവാദത്തിൽ. സംവിധായകൻ കെഎച്ച് നഹാസിനെതിരെ സിനിമയുടെ നിർമാതാവ് സോഫിയ പോൾ കോടതിയെ സമീപിച്ചത്. After Manjummal Boys, RDX is also in controversy
ആർഡിഎക്‌സ് സംവിധായകൻ കെഎച്ച് നഹാസ് തൻ്റെ രണ്ടാമത് ചിത്രവും ഇതേ നിർമ്മാണ കമ്പനിക്കായി തന്നെ ചെയ്യുമെന്ന് കരാർ വച്ചിരുന്നുവെന്നും പിന്നീട് അത് ലംഘിച്ചു എന്നും ആരോപിച്ചാണ് സോഫിയ പോൾ കോടതിയെ സമീപിച്ചത്. ഇതുപ്രകാരം ആദ്യ ചിത്രത്തിന്റെ പ്രതിഫലമായി 15 ലക്ഷവും രണ്ടാമത്തെ ചിത്രത്തിന്റെ അഡ്വാൻസായി 40 ലക്ഷം രൂപയും സംവിധായകന് നൽകി.
പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി 4,82,000 രൂപയും ചിലവഴിച്ചു. എന്നാൽ യാതൊരു കാരണവും ഇല്ലാതെ നഹാസ് പിൻമാറിയെന്നും പലതവണ ആവശ്യപ്പെട്ടിട്ടും അഡ്വാൻസ് തുക തിരികെ നൽകിയില്ല എന്നുമാണ് സോഫിയ പോൾ ആരോപിച്ചത്.
ഹർജിയിലെ ഈ ആരോപണങ്ങൾക്ക് എതിരെയാണ് കെഎച്ച് നഹാസ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. കരാറിൽ നിർമ്മാതാവ് സോഫിയ പോൾ കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണമാണ് നഹാസ് ഉയർത്തിയിരിക്കുന്നത്.
കരാറിൻ്റെ ആദ്യം ഇല്ലാതിരുന്ന ആറാം പേജ് കൂട്ടിച്ചേർത്തത് ആണെന്നും അതിൽ തൻ്റെ ഒപ്പായി കാണിച്ചിരിക്കുന്നത് വ്യാജമാണ് എന്നുമാണ് പരാതി. ഇത് തെളിയിക്കാൻ രേഖ ഫൊറൻസിക് പരിശോധനക്ക് അയക്കണമെന്നും എറണാകുളം സബ്‌കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നഹാസ് ആവശ്യപ്പെടുന്നു.
നിർമ്മാതാവ് സോഫിയ പോൾ, നിർമ്മാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്നിവർക്കെതിരെയാണ് സത്യവാങ്മൂലം. അതേസമയം ലാഭവിഹിതം നൽകാതെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ആർഡിഎക്‌സ് സിനിമയുടെ സഹനിർമാതാവ് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമും സോഫിയ പോൾ അടക്കം നിർമ്മാതാക്കൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമക്കായി ആറുകോടി മുടക്കിയ തനിക്ക് മുപ്പത് ശതമാനം ലാഭം വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല എന്നാണ് പരാതി.