അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയത ഇഡിയുടെ അടുത്ത ദൗത്യം കരുവന്നൂരിലോ?സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ മുഖ്യമന്ത്രിയെയും മകളേയും കുടുക്കുമോ? ഭീതിയിൽ സിപിഎം; കേന്ദ്രസർക്കാരിൻ്റെ വജ്രായുധം എതിരാളികളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തുമ്പോൾ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നടപടികൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ സിപിഎം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെത്തി സിപിഎം നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് സൂചന. കേസിൽ പ്രതിസ്ഥാനത്തുള്ള സംസ്ഥാന സമിതി അംഗങ്ങൾക്ക് എല്ലാവിധ സംരക്ഷണവും പാർട്ടി നൽകും. ഇതിനുള്ള നിർദ്ദേശം ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നൽകി. തൃശൂരിലെത്തിയ മുഖ്യമന്ത്രി കരുവന്നൂർ വിഷയത്തിൽ വിശദമായ ചർച്ച നടത്തി. മറ്റൊരു ഔദ്യോഗിക പരിപാടിയും ഇല്ലാതെയാണ് പിണറായി തൃശൂരിൽ എത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയത് ഇഡിയുടെ അടുത്ത ലക്ഷ്യം തൃശൂരാണെന്നാണ് സിപിഎം വിലയിരുത്തൽ.

ഇതുവരെയുള്ള സാഹചര്യം മാറിയേക്കാമെന്ന് സിപിഎം കരുതുന്നത് രണ്ട് കാര്യങ്ങൾ മുൻനിർത്തി. ഒന്ന്, കേജ്‌രിവാളിൻ്റെ അറസ്റ്റ് പോലെ കടുത്ത നടപടിയിലേക്ക് കടക്കാൻ ഇഡി മടിക്കുന്നില്ല എന്നത്. രണ്ട്, ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയിൽ നിന്ന് ഇഡിക്ക് കിട്ടിയിട്ടുള്ള ‘ഫ്രീഹാൻഡ്’. കരുവന്നൂർ ക്രമക്കേടിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. അന്വേഷണം അന്യായമായി വൈകാൻ പാടില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇഡി എന്താണ് ചെയ്യുന്നതെന്നും ചോദിച്ചു. ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഇനിയെന്തും ഇഡിക്ക് ചെയ്യാമെന്നാണ് സിപിഎം വിലയിരുത്തുന്നത്. സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ ഒരാളായ അലി സ്രാബി സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അലി സ്രാബിയുടെ കേസിലെ കുറ്റപത്രം ഹാജരാക്കാൻ നിർദേശിച്ച കോടതി രണ്ടാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കാൻ വച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്നുണ്ടായ ഈ ഇടപെടലുകളുടെ മറവിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികൾ ഇഡി നടത്തുമെന്നാണ് സിപിഎം മുൻകൂട്ടി കാണുന്നത്.

തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എന്തു കളിയും ബിജെപി ദേശീയ നേതൃത്വം നടത്തും. അതുകൊണ്ട് എല്ലാവരും കരുതൽ എടുക്കണം. മുതിർന്ന നേതാക്കളെ അറസ്റ്റു ചെയ്താൽ അതിവേഗ പ്രതിരോധവും പ്രതിഷേധവും ഉണ്ടാകണം. ആരേയും ഇഡിക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ പാർട്ടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു. ഇതിനൊപ്പം എക്‌സോലോജിക് വിഷയത്തിലും കേന്ദ്ര ഏജൻസികളുടെ ഇടപെടൽ സിപിഎം സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സോലോജിക്കിനെതിരായ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് നടത്തുന്നത്. അറസ്റ്റിന് അധികാരമുള്ള സംവിധാനമാണ്. അതുകൊണ്ടു തന്നെ ഈ കേസിലും തിരഞ്ഞെടുപ്പ് കാലത്ത് കടുത്ത നടപടികൾ സിപിഎം മുൻകൂട്ടി കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ അറസ്റ്റിൻ്റെ പേരിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം തയ്യാറായത്. അത്ര ഗൌരവത്തിലാണ് ഈ സാഹചര്യത്തെ സിപിഎം കാണുന്നത്.

കേരളത്തിൽ സിപിഎം-ബിജെപി ബാന്ധവമെന്ന വാദം കോൺഗ്രസ് ഉയർത്തുന്നുണ്ട്. ഇത് ബിജെപിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. അത്തരൊരു കൂട്ടുകെട്ടില്ലെന്ന് വരുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ആരോപണവിധേയരായ നേതാക്കളുമായി തൃശൂരിൽ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. എ.സി. മൊയ്തീൻ എം.എൽ.എ, തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ എന്നിവരെയാണ് കണ്ട് ചർച്ച നടത്തിയത്. സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഓഫീസിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മുഖ്യമന്ത്രി മൂന്നുപേരേയും കണ്ടത്. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

സിപിഎം നേതാവ് പി.കെ ബിജുവും ജില്ലാ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി നേതാക്കൾക്കു നൽകി. അടിയന്തര കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി എത്തുന്നുവെന്ന അറിയിപ്പ് രാവിലെ മാത്രമാണ് നേതാക്കൾക്കു ലഭിച്ചത്. തൃശൂരിൽ മുഖ്യമന്ത്രിയ്ക്ക് മറ്റുപരിപാടികളൊന്നും ഉണ്ടായിരുന്നില്ല. എല്ലാ കാര്യവും പിണറായി വിശദമായി സംസാരിച്ചുവെന്നാണ് സൂചന. ഭയക്കരുതെന്ന് മൊയ്തീനോടും കണ്ണനോടും പിണറായി പറഞ്ഞു. എല്ലാത്തിനും പാർട്ടി ഒപ്പമുണ്ടാകുമെന്ന സന്ദേശവും നൽകി.

അന്വേഷണ ഏജൻസി കാര്യപ്രാപ്തി തെളിയിക്കേണ്ടത് നടപടികളിലൂടെയാണെന്ന് തന്നെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇഡിയെ ഓർമപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണം എല്ലായ്‌പോഴും നീട്ടാൻ പറ്റില്ല. നിക്ഷേപകരടക്കം അനേകം ആളുകളെ ബാധിക്കുന്ന വിഷയമാണിത്. അവർക്ക് എന്ത് ഉറപ്പാണ് കൊടുക്കുക. അന്വേഷണത്തിന് സമയക്രമം ഉണ്ടാകണമെന്നും ഹൈകോടതി വ്യക്തമാക്കിയത് ഫലത്തിൽ സിപിഎമ്മിന് കുരുക്കാകുന്ന സ്ഥിതിയാണ്. കരുവന്നൂർ കേസിന്റെ അന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്നുമാണ് തിങ്കളാഴ്ച ഇഡി മറുപടി നൽകിയത്.

എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ്

ബിജെപി 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം ഏറെ വിമർശനം നേരിട്ട അന്വേഷണ ഏജൻസിയാണ് എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാടുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ ഒക്കെയാണ് അന്വേഷണ പരിധിയിൽ വരിക. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിൽ 1956 മെയ് ഒന്നിന് ‘എൻഫോഴ്സ്മെൻ്റ് യൂണിറ്റ്’ എന്ന പേരിലായിരുന്നു രൂപീകരണം.

എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് എന്ന് പേരുമാറ്റി, നിരവധി നിയമ നിർമ്മാണ ഭേദഗതികളിലൂടെ ഒരുപാട് അധികാരങ്ങൾ കൊടുത്താണ് ഇന്നത്തെ നിലയിലേക്ക് ഇഡിയെ മാറ്റിയത്. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് 1947 (FERA) റദ്ദാക്കിക്കൊണ്ട് 2000ൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട് (FEMA) നിലവിൽ വന്നു. 2002ൽ കള്ളപ്പണ ഇടപാടുകൾ നിയന്ത്രിക്കാൻ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) കൂടി നിലവിൽ വന്നതോടെ ഇഡിയുടെ അധികാര പരിധികൾ വിപുലമാവുകയും ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര മാനങ്ങൾ കൈവരികയും ചെയ്തു. 2011ൽ എൻഫോഴ്സ് മെൻറ് വിഭാഗത്തെ പരിഷ്കരിച്ച് ജീവനക്കാരുടെ എണ്ണം 758ൽ നിന്ന് 2064 ആയി ഉയർത്തി. ഉന്നത ഓഫീസർമാരുടെ എണ്ണം 21ൽ നിന്ന് 49 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തു. പല്ലും നഖവും കൊടുത്ത് കേന്ദ്ര സർക്കാർ ഇഡിയെ പരിപോഷിപ്പിച്ചതിൻ്റെ നേട്ടങ്ങളും കാണാനുണ്ട്.

ഇഡിയുടെ നിയന്ത്രണം

എൻഫോഴ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. ഡയറക്ടർ ഓഫ് എൻഫോഴ്സ്മെൻ്റിൻ്റ കീഴിലാണ് ഏജൻസി പ്രവർത്തിക്കുന്നത്. മുംബൈ, ചെന്നൈ, ചണ്ഡിഗഡ്, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളുമുണ്ട്. ഈ ഓഫീസുകളുടെ ചുമതല സ്പെഷ്യൽ ഡയറക്ടറന്മാർക്കാണ്. ഇതിനും പുറമെ സോണൽ, സബ് സോണൽ ഓഫീസുകളുടെ ചുമതലയുള്ള ജോയിൻ്റ് ഡയറക്ടറന്മാരുമുണ്ട്. ഇന്ത്യൻ റവന്യൂ സർവ്വീസിലെ (ഐആർഎസ്) 1993 ബാച്ചുകാരനായ രാഹുൽ നവീനാണ് ഇഡിയുടെ ഇപ്പോഴത്തെ ഡയറക്ടർ .

പ്രധാനമായും കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള അന്വേഷണം നടത്തുന്നതോടൊപ്പം അറസ്റ്റ് ചെയ്യാനും കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടാനും ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യാനുമുള്ള വിപുലമായ അധികാരം ഇഡിക്കുണ്ട്. അതുപോലെ തന്നെ രാജ്യത്ത് സാമ്പത്തിക കുറ്റങ്ങൾ നടത്തിയ ശേഷം വിദേശത്തേക്ക് മുങ്ങുന്നവരെ പിടികൂടി നിയമനടപടികൾ സ്വീകരിക്കാനും ഇവർക്ക് അധികാരമുണ്ട്. നാടുവിട്ട് മുങ്ങുന്ന സാമ്പത്തിക കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ 2018ൽ ഫുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് (FEOA) പാസാക്കിയതിനെ തുടർന്ന് വിദേശങ്ങളിൽ പോയി അന്വേഷണം നടത്താനും ഏജൻസിക്ക് കഴിയുന്നുണ്ട്. അതുപോലെ തന്നെ കള്ളക്കടത്ത് തടയുന്നതിനുള്ള ‘കോഫെപോസ’ നിയമ പ്രകാരവും നടപടിയെടുക്കാൻ ഇഡിക്ക് അധികാരമുണ്ട്.

വ്യാപകമായ തോതിൽ റെയ്ഡും അറസ്റ്റും സ്വത്ത് കണ്ടുകെട്ടലുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഇഡി കേസിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തീരെ കുറവാണെന്ന ആക്ഷേപം ശക്തമാണ്. 2022 ജൂലൈയിൽ കേന്ദ്ര ധനമന്ത്രി പാർലമെൻ്റിൽ നൽകിയ രേഖകൾ പ്രകാരം 2022 മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് ഇഡിയുടെ കേസുകളിൽ 0.5 ശതമാനം മാത്രമാണ് ശിക്ഷാനിരക്ക്. 5,422 കള്ളപ്പണക്കേസുകളിൽ കേവലം 23 കേസുകളിൽ മാത്രമാണ് കുറ്റവാളികളെ ശിക്ഷിച്ചത്. എന്നാൽ 2021ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശരാശരി 57% ശിക്ഷിക്കപ്പെടുന്നുണ്ട് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി 2022 മാർച്ച് 31ന് ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ പറഞ്ഞത്, കള്ളപ്പണ നിരോധന നിയമപ്രകാരം 5422 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,04,702 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്. ഇതുകൂടാതെ 992 കേസുകളിൽ കുറ്റപത്രം കൊടുക്കുകയും 869.31 കോടി രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. 23 കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തുവെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്.

കേന്ദ്ര സർക്കാറിൻ്റെ രാഷ്ട്രിയ ലക്ഷ്യങ്ങൾക്കായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾക്കെതിരെ ഉപയോഗിക്കാനുള്ള ചട്ടുകമാണ് ഇഡി എന്ന വിമർശനം വ്യാപകമാകുന്നുണ്ട്. തിരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയോടെ ഇത് കൂടുതൽ ശക്തമാകുകയാണ്. 2014 മുതൽ 2022 വരെ ഏതാണ്ട് 121 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി കേസുകൾ ചുമത്തിയിട്ടുണ്ട്. ഇവരിൽ 115 പേർ പ്രതിപക്ഷ പാർട്ടികളിൽ പെട്ടവരാണ്. ഈ കണക്കുകൾക്ക് പുറമെയാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ , ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, തെലങ്കാനയിലെ ബിആർഎസ് നേതാവ് കെ.കവിത തുടങ്ങിയവരുടെ അറസ്റ്റുകളും ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മാർച്ച് 24ന് 14 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് കേന്ദ്ര സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനും പുറമെ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇഡിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

Other news

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ...

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത്...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

സുരക്ഷ ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ്...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

Related Articles

Popular Categories

spot_imgspot_img