അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യ ട്രിപ്പോളിയിലെ എംബസി വീണ്ടും തുറന്നതായി ലിബിയയുടെ ദേശീയ ഐക്യ സർക്കാരിൻ്റെ നേതൃത്വത്തിലുള്ള വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിൽ പുതുതായി ചുമതലയേറ്റ മുഹമ്മദ് അലീം പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. (After a gap of five years, the Indian Embassy in Libya reopens)
എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഏഷ്യ, ഓസ്‌ട്രേലിയ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ നൂറി ഫാദൽ അൽ-കാസെ അലീമുമായി കൂടിക്കാഴ്ച നടത്തിയതായി ലിബിയയുടെ വിദേശകാര്യ മന്ത്രാലയം അതിൻ്റെ ഫേസ്ബുക്ക് പേജിൽ ഒരു പ്രസ്താവനയിലൂടെ കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഇത് എന്നാണ് വിലയിരുത്തൽ. ലിബിയയിലെ സുരക്ഷാ സ്ഥിതി മോശമായതിനെ തുടർന്ന് ട്രിപ്പോളിയിലെ ഇന്ത്യൻ എംബസി 2019 ഏപ്രിൽ മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു.
ട്രിപ്പോളിയിൽ വീണ്ടും തുറന്ന ഇന്ത്യൻ എംബസിയിൽ ചാർജ് ഡി അഫയേഴ്‌സ് (സിഡിഎ) ആയി ഡോ. അലീമിനെ നിയമിച്ചു. ഡോ.അലീം വിദേശകാര്യ മന്ത്രാലയത്തിൻ്റെ (MEA) വെസ്റ്റ് ഏഷ്യ & നോർത്ത് ആഫ്രിക്ക ഡിവിഷനിൽ (WANA) അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ടുണീഷ്യയിലെ ഇന്ത്യൻ എംബസി ലിബിയയ്ക്ക് അംഗീകാരം നൽകുകയും രാജ്യത്തെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട സാഹചര്യം കൈകാര്യം ചെയ്യുകയും ചെയ്തു. ഇത് വീണ്ടും തുറക്കുന്നതോടെ ലിബിയൻ പൗരന്മാർക്ക് വീസ വീണ്ടും ലഭിക്കും. എംബസി തുറന്നത് രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന് സഹായകരമാകും എന്നാണു വിലയിരുത്തൽ.