വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളുടെ ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക.
ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.
മെയ് 25നാണ് അഫാൻ ജയിലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു.
ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ അഫാനെ കണ്ടെത്തിയത്.
വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് അഫാന് ഓർമയില്ല. അഫാന്റെ തലച്ചോറിനും ആന്തരികാവയങ്ങൾക്കും വലിയ പരിക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ സിപിആർ ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.