അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തേക്ക് എത്തേണ്ട നാലു വിമാനങ്ങളും റദ്ദാക്കി.
എയർഇന്ത്യ എക്‌സ്പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്താണ് ടാറ്റാ ഗ്രൂപ്പിനെതിരേ അപ്രതീക്ഷിതമായി പ്രതിഷേധിച്ചത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്‌സ്പ്രസിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ജീവനക്കാർ കൂട്ടമായി സമരത്തിനിറങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി കമ്പനി സി.ഇ.ഒ. അലോക് സിങ് പറഞ്ഞു.
കണ്ണൂരിൽ നിന്നുള്ള നാല് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഇന്ന് റദ്ദാക്കി. ഷാർജ, അബുദാബി, ദമ്മാം വിമാന സർവീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം ലഭിക്കുന്നത്. മേയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി. എന്നാൽ, ചില വിമാനങ്ങൾ സർവീസ് നടത്തുന്നുമുണ്ട്.