തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകളിലും തിരഞ്ഞെടുത്ത ഫുഡ്‌സേഫ്റ്റി സർക്കിൾ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി വ്യാപക ക്രമക്കേട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് രാവിലെ മുതൽ പരിശോധന തുടങ്ങിയത്. ഓപ്പറേഷൻ അപ്പറ്റൈറ്റ് എന്ന പേരിലാണ് പരിശോധന പുരോഗമിക്കുന്നത്. 14 ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരഞ്ഞെടുത്ത 52ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലും ഉൾപ്പെടെ 67 ഓഫീസുകളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. കോട്ടയം ജില്ലയിലെ പിരശോധനകൾക്ക് ഡിവൈഎസ്പിമാരായ വി.ആർ രവികുമാർ, മനോജ് കുമാർ പി.വി ഇൻസ്‌പെക്ടർമാരായ പ്രതീപ് എസ്, മഹേഷ് പിള്ള, രമേശ് ജി, സജു എസ് ദാസ്, എസ്‌ഐമാരായ സ്റ്റാൻലി തോമസ്, ജെയ്‌മോൻ വി.എം, അനിൽ കുമാർ ചങ്ങനാശ്ശേരി തഹസീൽദാർ നിജു കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷാ ലൈസൻസിന് പകരം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി സർക്കാരിന് ഫീസ് ഇനത്തിൽ നഷ്ടമുണ്ടാക്കുന്നു, ചട്ടം പാലിക്കാതെ വീണ്ടും രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നു, ചെറുകിട ഹോട്ടലുകളിലെ ജീവനക്കാർക്കുള്ള സൗജന്യ പരിശീലന സർട്ടിഫിക്കറ്റ് വൻകിടക്കാർക്കും പണം വാങ്ങി നൽകുന്നു, പരിശോധനയ്ക്ക് അയക്കുന്ന സാമ്പിളുകളിൽ തിരിമറി നടത്തുന്നു, പരിശോധന അട്ടിമറിക്കുന്നു, നിലവാരമില്ലെന്ന് കണ്ടെത്തിയ ഉത്പന്നങ്ങൾ മുഴുവൻ വിറ്റ് തീർക്കുന്നതിന് റിപ്പോർട്ട് വൈകിപ്പിക്കുന്നു, ഫൈൻ ഈടാക്കണമെന്ന വ്യവസ്ഥ ലംഘിക്കുന്നു, ഹൈജീൻ ഹോട്ടൽ റേറ്റിംഗ് അട്ടിമറിക്കുന്നു, ടോൾ ഫ്രീ നമ്പറിൽ ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കുന്നില്ല, തുടങ്ങിയ ഗുരുതരമായ പരാതികളാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന് ലഭിച്ചിരിക്കുന്നത്.