ഡിജിപി എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണം; പുതിയ വിവാദം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്നാണ് നാഗരാജിന്റെ ആവശ്യം, പ്രാഥമിക വിവരശേഖരണം പോലും ഉദ്യോഗസ്ഥർ നടത്തിയിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരൻ അഡ്വ. നാഗരാജ് പറഞ്ഞു.
വിജിലൻസ് അന്വേഷണം കൃത്യമായി നടന്നിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ അന്വേഷണം നടത്താതെയാണ് എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള റിപ്പോർട്ട് നൽകിയതെന്നാണ് ഉയരുന്ന പ്രഥാന ആരോപണം. അന്വേഷണ കാലയളവായ നാലുമാസത്തെ ശമ്പളം തിരിച്ചുപിടിക്കണമെന്നാണ് പരാതിക്കാരൻറെ ആവശ്യം.
അജിത്കുമാറിന്റെ ക്ലീൻ ചിറ്റിന് വേണ്ടി സർക്കാർ നടത്തിയ അസാധാരണമായ ശ്രമങ്ങൾ ചർച്ചയായിരുന്നു. അന്വേഷണ റിപ്പോർട്ടിനു മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്ന് പ്രത്യേക കോടതിയിൽ വിജിലൻസ് അറിയിച്ചത് അജിത്കുമാറിനോട് സർക്കാരിനുള്ള പ്രത്യേക താല്പര്യം കൊണ്ടാണെന്ന ചർച്ചകൾ സജീവമാണ്.
എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി; അനധികൃത സ്വത്ത് സമ്പാദനകേസിൽ ക്ലീൻചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് കോടതി തള്ളി. കോടതി നേരിട്ട് പരാതിക്കാരനായ നാഗരാജിന്റെ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു.
വീട് നിർമാണം, ഫ്‌ളാറ്റ് വാങ്ങൽ, സ്വർണ്ണക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ അജിത് കുമാർ അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ മുൻ എംഎൽഎ പി.വി. അൻവർ വിഷയം ഉന്നയിക്കുകയും, 1994 മുതൽ 2025 വരെയുള്ള ആസ്തി സ്റ്റേറ്റ്‌മെന്റുകളും ഇൻകം ടാക്‌സ് റിട്ടേണുകളും ശേഖരിക്കാതെ നടത്തിയ അന്വേഷണം ‘പ്രഹസനം’ മാത്രമാണെന്ന് പരാതിക്കാരനായ നാഗരാജ് ആരോപിച്ചിരുന്നു.
എന്നാൽ റെയ്ഡുകളിൽ വീട്, ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ നിന്ന് നിർണ്ണായക രേഖകൾ കണ്ടെത്താനായില്ല. സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലപ്പെട്ട വസ്തുക്കളുടെ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ല. ബാങ്ക് അക്കൗണ്ടുകൾ, എഫ്.ഡി. രസീതുകൾ, ലോക്കറുകൾ എന്നിവ പരിശോധിക്കാത്തതോടൊപ്പം, സ്വത്ത് വാങ്ങലും വിൽപ്പനയും സംബന്ധിച്ച 1968ലെ ‘ആൾ ഇന്ത്യ സർവീസ് പെരുമാറ്റ ചട്ട’ അനുമതി ഉത്തരവുകളും ഹാജരാക്കിയിട്ടില്ല.
മറച്ചുവെച്ച ആസ്തികൾ കണ്ടെത്താൻ രജിസ്ട്രേഷൻ ഐ.ജി., ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവരുമായി ബന്ധപ്പെടാതിരിക്കുകയും, ഫോൺ കോൾ റെക്കോർഡുകൾ, ടവർ ലൊക്കേഷൻ ഡാറ്റ തുടങ്ങിയവ ശേഖരിക്കാതിരിക്കുകയും ചെയ്തു. വരുമാനത്തിനും ചെലവിനുമിടയിൽ ഉള്ള വ്യത്യാസം കണക്കാക്കി സാമ്പത്തിക വർദ്ധന ശതമാനം കണ്ടെത്തിയ രേഖകളും തയ്യാറാക്കിയിട്ടില്ല.
മലപ്പുറം എസ്.പി. ഓഫീസിൽ നിന്ന് കടത്തിയ തേക്കുമരത്തടികൾ കണ്ടെത്തിയില്ല. കവടിയാർ ബഹുനില കെട്ടിടത്തിന്റെ 3.58 കോടി രൂപയുടെ പ്രോജക്ട് ചെലവിനെക്കുറിച്ചുള്ള എസ്ബിഐ ഹോം ലോൺ ചീഫ് മാനേജർ പ്രസാന്ത് കുമാറിന്റെ മൊഴി അവഗണിച്ചു.
കരിപ്പൂർ വഴി നടന്ന സ്വർണ്ണക്കടത്തിൽ മലപ്പുറം എസ്.പി. സുജിത് ദാസ് ഒത്താശചെയ്തുവെന്നും, അതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നും പി.വി. അൻവർ ആരോപിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇത് തെറ്റാണെന്നു വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2016 ഫെബ്രുവരി 19ന് അജിത് കുമാർ കവടിയാറിൽ 33,80,100 രൂപയ്ക്ക് ഫ്‌ളാറ്റ് വാങ്ങുകയും, 10 ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കുകയും ചെയ്ത സംഭവവും വിവാദമായിരുന്നു. ഈ ഇടപാടിനെക്കുറിച്ചുള്ള രേഖകളും പി.വി. അൻവർ പുറത്തുവിട്ടിരുന്നു.
നാഗരാജിന്റെ പരാതിയിലെ നിരവധി കാര്യങ്ങൾ കോടതി മുഖവിലയ്ക്കെടുത്തതോടെയാണ് അന്വേഷണ റിപ്പോർട്ട് തള്ളിക്കളയുന്നത്.
English Summary :
Complainant Adv. Nagaraj criticizes vigilance officers for giving a clean chit to ADGP MR Ajith Kumar in the illegal assets case. He alleges no proper evidence collection was done and demands recovery of officers’ salaries.