കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. നടിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായതിനു പിന്നാലെ ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും ആണ് പരാതി നൽകി നൽകിയത്.
‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും വിൻസി പറഞ്ഞിരുന്നു
നടിയുടെ പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. നേരത്തെ, നടിക്കു പിന്തുണയുമായി താര സംഘടനയായ ‘അമ്മ’ രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല അറിയിച്ചു.
അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസിയിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക.