ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും. (Actress Opposes Director Omar Lulu’s anticipatory bail in sexual harassment case)
കേസിൽ ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു.
കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന്‍ പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.
പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. 2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.