ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെയാണ് പൂർത്തിയായത്. ഇന്ന് ആരംഭിക്കുന്ന പ്രതിഭാഗത്തിന്റെ വാദം ഒരു മാസത്തോളം നീണ്ടുനില്‍ക്കും.(Actress assault case: Defendant’s argument will begins today)
ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍. കേസില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.
കേസില്‍ ഹാജരായ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് പൾസർ സുനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ 2017 ജൂണ്‍ 18നാണ് സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയില്‍ ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപിന്റെ അറസ്റ്റും രേഖപ്പെടുത്തി.