ന്യൂഡൽഹി: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.
പരാതിക്കാരിപോലും ഉന്നയിക്കാത്ത ആരോപണങ്ങളിലൂടെ തനിക്കെതിരെ എസ്.ഐ.ടി കഥകൾ മെനയുകയാണെന്നാണ് സിദ്ദിഖിൻറെ വാദം. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണ്ടതിനാൽ ജാമ്യം നൽകരുതെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇന്നലെ അന്വേഷണ സംഘവും സർക്കാർ അഭിഭാഷകരും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു.
കേസിൽ പൊലീസിനും സർക്കാരിനുമെതിരെ വിമർശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. യുവനടി പരാതിയിൽ ഉന്നയിക്കാത്ത കാര്യങ്ങൾ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസിൽ യാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു.
താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നൽകിയാൽ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സർക്കാരിന്റെ വാദം ശരിയല്ല. ഡബ്ല്യുസിസി അംഗം എന്ന നിലയിൽ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു.
അതേസമയം സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം.