ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ സിനിമാനടൻ സിദ്ദിഖിനെ പരിഗണിക്കാൻ കോൺഗ്രസ്. മത സാമുദായിക ഘടകങ്ങൾ കൂടി പരിഗണിച്ചാണ് ഈ നീക്കം. അതിനിടെ പത്തനംതിട്ട മാറ്റി കോട്ടയം നൽകണമെന്ന് ആന്റോ ആന്റണി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഘടകകക്ഷിക്ക് നൽകിയ സീറ്റിൽ മാറ്റം വരുത്തിയേക്കില്ല.കെ സി വേണുഗോപാൽ ആലപ്പുഴയ്ക്ക് ഇല്ലെങ്കിൽ പിന്നെ ആ സീറ്റിൽ മതസാമുദായക ഘടകങ്ങൾ കൂടി പരിഗണിക്കാനാണ് കോൺഗ്രസ് നീക്കം. ജനപിന്തുണ, പുതുമുഖം ഈ പരിഗണനകൾ കൂടി കണക്കിലെടുത്താണ് ചലച്ചിത്രതാരം സിദ്ധിഖിലേക്ക് ചർച്ചകൾ എത്തിയത്.
മത സാമുദായിക സമവാക്യങ്ങൾ ഒന്നും പരിഗണിക്കാതെ കോൺഗ്രസ് മുന്നോട്ടുപോയാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അടക്കം ഉള്ളവരുടെ മറ്റൊരു പട്ടികയും ഉണ്ട്. സംവരണ സീറ്റായ മാവേലിക്കരയിലും പത്തനംതിട്ടയിലും തോൽവി ഉണ്ടാകും എന്ന കനക റിപ്പോർട്ട് പാർട്ടി ഗൗരവമായി കണ്ടിട്ടുണ്ടെങ്കിലും മാവേലിക്കരയിൽ അവസാന നിമിഷം പകരക്കാരനെ കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ലെന്നാണ് പാർട്ടി നിലപാട്. കൊടിക്കുന്നിൽ സുരേഷ് മാറിയാൽ കെപിസിസി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. മാറണം എന്ന താല്പര്യം കൊടിക്കുന്നിലിനും ഉണ്ട്. പത്ത് തവണയായി മത്സരരംഗത്ത് ഉണ്ടെന്നാണ് കൊടിക്കുന്നിൽ പാർട്ടിയോട് പറഞ്ഞിട്ടുള്ളത്.
Read Also :തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ഇന്നലെ മയക്കുവെടി വച്ച് ബന്ദിപ്പൂരിലെത്തിച്ച ശേഷം