ചെന്നൈ: തന്നെ ‘ലേഡിസൂപ്പർസ്റ്റാറെന്ന്’ വിളിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് നടി നയൻതാര. പകരം പേര് വിളിക്കണമെന്നാണ് നടിയുടെ അഭ്യർത്ഥന. സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
നയൻതാര എന്ന പേരാണ് തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതെന്നും നടി കുറിപ്പിൽ പറയുന്നു. ആരാധകർ സ്‌നേഹത്തോടെ ചാർത്തി തന്ന ഇത്തരം സ്ഥാനങ്ങൾ വിലമതിക്കാത്തതാണ്. എന്നാൽ അത് ചില സമയത്ത് കലയിൽ നിന്നും പ്രേക്ഷകരിൽ നിന്നും വേർതിരിവുണ്ടാക്കുന്നതാണെന്നും നയൻതാര കുറിപ്പിൽ വ്യക്തമാക്കുന്നു.
പദവികളും അലങ്കാരങ്ങളും ഏറെ വിലമതിക്കാത്തതാണ്. പക്ഷേ ഇതെല്ലാം താരങ്ങളെ സ്‌നേഹിക്കുന്ന ആരാധകരിൽ നിന്നും അവരുടെ തൊഴിലിൽ നിന്നും കലയിൽ നിന്നും അവരെ അകറ്റുന്നതായി എനിക്ക് തോന്നുണ്ടെന്നും നയൻതാര പറഞ്ഞു.