മലയാളികളുടെ പ്രിയ നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്യുന്ന രോഹിത്താണ് താരപുത്രിയുടെ വരൻ. വിവാഹത്തിന് പിന്നാലെ ബൈജുവിന്റെ മരുമകൻ പഞ്ചാബിയാണോ എന്നാണ് സോഷ്യൽ മീഡിയയുടെ സംശയം. ഇപ്പോൾ ചോദ്യത്തിനുള്ള മറുപടി ഐശ്വര്യ തന്നെ നൽകിയിരിക്കുകയാണ്.
രോഹിതിന്റെ മാതാപിതാക്കൾ മലയാളികളാണെങ്കിലും രോഹിത് ജനിച്ചു വളർന്നത് പഞ്ചാബിലാണെന്നാണ് ഐശ്വര്യ പറഞ്ഞത്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും താരപുത്രി വ്യക്തമാക്കി. മാട്രിമോണി വഴിയാണ് രോഹിത്തിനെ പരിചയപ്പെടുന്നത്. സംസാരിച്ചപ്പോൾ തന്നെ മനസിലാക്കാൻ കഴിയുന്ന ആളാകുമെന്ന് തോന്നിയെന്നും ഐശ്വര്യ പറഞ്ഞു. വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നവദമ്പതികൾ.
ഏതു നാട്ടുകാരൻ എന്നതല്ല മറ്റു കാര്യങ്ങളാണ് വിവാഹത്തിന് പരിഗണിച്ചത്. രോഹിത്ത് ചെന്നൈയിൽ ജോലി ചെയ്യുന്ന എൻജിനീയർ ആണ്. മാതാപിതാക്കൾ പത്തനംതിട്ടയിൽ നിന്നുള്ളവരാണ്. അച്ഛൻ പൊതുവേ ഒന്നിനും എതിർപ്പ് പറയാറില്ല. മലയാളം അറിയാത്ത ആളായത് കൊണ്ടു ബുദ്ധിമുട്ടാവില്ലേയെന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. പഞ്ചാബിൽ ജനിച്ചു വളർന്നുവെങ്കിലും രോഹിതിന് മലയാളം കേട്ടാൽ മനസിലാകും.- ഐശ്വര്യ പറഞ്ഞു.
വിവാഹാലോചന വന്നപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന നടന്റെ മകളാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് രോഹിത് പറയുന്നത്. പിന്നീടാണ് അക്കാര്യം മനസിലാക്കിയതെന്നും രോഹിത് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചായിരുന്നു ഐശ്വര്യയുടെയും രോഹിതിന്റെയും വിവാഹം നടന്നത്. സിനിമാമേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻ ബൈജുവിന്റെ മൂത്ത മകളാണ് ഐശ്വര്യ.