മംഗളൂരു: കർണാടകയിൽ കോളജ് മൂന്ന് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥി അഭിനാണ് ആക്രമണം നടത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെ ഇയാൾ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവൺമെന്റ് കോളജിലാണ് സംഭവം. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് വിവരം. ആക്രമണത്തിന് ഇരയായ പെൺകുട്ടികളും മലയാളികളാണെന്നു സൂചനയുണ്ട്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കോളജിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ആക്രമണത്തിനിരയായ വിദ്യാർഥിനികൾ. പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് അഭിൻ ആക്രമണം നടത്തിയത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Read Also: സഹപ്രവർത്തകരുടെ മാനസിക പീഡനം; ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ