സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ ആസിഡ് ആക്രമണം
പുൽപ്പള്ളി (വയനാട്): വയനാട് പുൽപ്പള്ളിയിൽ പതിനാലുകാരിയായ സ്കൂൾ വിദ്യാർഥിനിക്കെതിരെ ക്രൂരമായ ആസിഡ് ആക്രമണം.
മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിൽ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായിട്ടുണ്ടെന്ന സൂചനയാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്നത്.
സംഭവത്തിൽ അയൽവാസിയായ വേട്ടറമ്മൽ രാജു ജോസിനെ (55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
പുൽപ്പള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. വേലിയമ്പം ദേവി വിലാസം ഹൈസ്കൂളിലെ വിദ്യാർഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാണ് മഹാലക്ഷ്മി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിലെത്തിയതിനു പിന്നാലെ എത്തിയ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ആവശ്യപ്പെട്ട് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായും സംഭവത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
English Summary
A 14-year-old schoolgirl was critically injured in an acid attack in Pulpally, Wayanad. The girl suffered severe facial burns and was shifted to Kozhikode Medical College for advanced treatment after initial care at Mananthavady Medical College. Police arrested a 55-year-old neighbor in connection with the incident. The accused reportedly attacked the girl after she refused to give her Student Police Cadet uniform. Further investigation is underway.
acid-attack-on-14-year-old-schoolgirl-pulpally-wayanad
Wayanad news, Pulpally, acid attack, school student, crime against children, Kerala crime, police arrest, student police cadet









