പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു ആണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തി.(Accused in Thenkurissi honor killing case sentenced to life imprisonment)
ഡിസംബർ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് 88-ാം ദിവസമാണ് ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ആണ് രണ്ടാം പ്രതി.
ഇതര ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിലാണ് കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം അനീഷിനെ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.