ഈരാറ്റുപേട്ടയിൽ വെള്ളിയാഴ്ച രാത്രി ബാറിൽ ഉണ്ടായ തർക്കത്തിനിടെ യുവാവിന്റെ കഴുത്തിന് മാരകമായി വെട്ടിപ്പരിക്കൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. വെള്ളിയാഴ്ച രാത്രി 10 മണി നടന്ന സംഭവത്തിൽ ഈരാറ്റുപേട്ട അണ്ണാമല പറമ്പിൽ അഫ്സൽ ചാണ്ടിയാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇയാളെ വീടിന് സമീപത്തു നിന്നും രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഈരാറ്റുപേട്ട വടക്കേക്കര ബാറിന് സമീപം വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രതി അഫ്സലും അടിമാലി സ്വദേശിയായ ജിജിലും രാത്രി ബാറിൽ മദ്യപിച്ചിരിക്കെയാണ് തർക്കം ആരംഭിച്ചത്. ബാറിനുള്ളിൽ തർക്കത്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയതിനു പിന്നാലെ ചാണ്ടി എതിർവശത്തുള്ള മീൻകടയിൽ നിന്നും കത്തിയെടുത്ത് വീശുകയായിരുന്നു. അടുത്തുനിന്ന ജിജിലിന്റെ കഴുത്തിലാണ് ഇത് കൊണ്ടത്. കത്തികൊണ്ട് മാരക മുറിവേറ്റ ജിജിൽ കുഴഞ്ഞു നിലത്തുവീണു. ആ സമയം ഇതുവഴിയെത്തിയ പൂഞ്ഞാർ സ്വദേശി ഇതു കണ്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ജിജിലിനെ ഈരാറ്റുപേട്ട പിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ പാലായിലെ മാർസ് ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു.
കഴുത്തിൽ ഗുരുതര പരിക്കേറ്റ വിജിൽ അപകട നില തരണം ചെയ്തു. കത്തികൊണ്ട് ജിജിലിന്റെ കഴുത്തിൽ 15 സെന്റീമീറ്റർ ഓളം നീളത്തിലുള്ള, ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. ഞരമ്പ് മുറിഞ്ഞു പോയതിനെ തുടർന്ന് വൻതോതിൽ രക്തം നഷ്ടപ്പെട്ടിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ജിജിൽ സുഖം പ്രാപിച്ചു വരികയാണ്.