കൊച്ചി :രാസലഹരി ഉണ്ടാക്കാൻ കേരളത്തിലേക്ക് കടൽ കടന്നെത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള യുവതീയുവാക്കളെന്നു കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. കടൽമാർഗം ഗുജറാത്ത്, ഗോവ വഴി മത്സ്യബന്ധന ബോട്ടുകളിലാണ് ഇവർ എത്തുന്നത്.സുഡാൻ, നൈജീരിയ, ടാൻസാനിയ എന്നിവവിടങ്ങളിൽനിന്നുള്ള യുവതീയുവാക്കളാണു ഏറെയും. ബി.ഫാം ബിരുദാരികളാണു മിക്കവരും.
ശ്രദ്ധയിൽപ്പെടാതിരിക്കാൻ താമസിക്കുന്നതും ലഹരി നിർമിക്കുന്നതും രണ്ടിടങ്ങളിലാവും. വിദ്യാർഥികളെന്ന വ്യാജേന ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്കൊപ്പമാണു താമസം. ഡൽഹിയും ബംഗളുരുവും കേന്ദ്രീകരിച്ചാണു ‘കുക്കിങ്’ നടക്കുന്നതെന്നും അവർ ഉത്പാദിപ്പിക്കുന്ന എം.ഡി.എം.എ. ഉൾപ്പെടെയുള്ള രാസലഹരിയിൽ 80 ശതമാനവും കേരളത്തിലേക്കാണു പോകുന്നതെന്നും ഐ.ബി. റിപ്പോർട്ടിൽ പറയുന്നു.
പാസ്‌പോർട്ടും വിസയുമില്ലാതെയാണു വരുന്നത്. വർഷങ്ങളോളം ഇവിടെ താമസിച്ചു രാസലഹരി നിർമാണവും (കുക്കിങ്) വിൽപനയും നടത്തും. ചിലർ പിടിയിലാകും. പിടിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞാലും ലാഭമാണെന്നാണു പിടിയിലായവരുടെ മൊഴിയെന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ പറയുന്നു. ഇതാണു ആഫ്രിക്കൻ യുവതീയുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.
12 കെമിക്കലുകൾ പ്രത്യേക അനുപാതത്തിൽ സംയോജിപ്പിച്ചാണു നിർമാണം. ചേരുവ കൃത്യമല്ലെങ്കിൽ ലഹരി കിട്ടില്ല. ഇതിൽ ഏഴു ചേരുവകൾ എൻ.ഡി.പി.എസ്. ആക്ടിലെ ഷെഡ്യൂളിൽ വരുന്നവയുമല്ല. നിർമാണം ഇവർ മറ്റാരെയും കാണിക്കില്ല. ചില കൂട്ടുകൾ ഇവർ തന്നെ കൊണ്ടുവരും. ബാക്കി ഇവിടെനിന്നു സംഘടിപ്പിക്കും. ഇവരുണ്ടാക്കുന്ന ലഹരിക്ക് ആവശ്യക്കാർ ഏറെയാണ്. ആവശ്യക്കാർ കൂടുതൽ പിങ്ക് നിറമുള്ളതിനാണ്. ഗോൾഡ്, വെള്ള, ബ്രൗൺ എന്നിങ്ങനെ മറ്റുള്ളവ.
സ്ത്രീകൾ ഏറെയും പിങ്കും യുവാക്കൾ ഗോൾഡുമാണ് ഉപയോഗിക്കുന്നത്. സിനിമാരംഗത്തും മറ്റുമുള്ള ഉന്നതർക്കു പിങ്കാണു പ്രിയം. വെളുത്തതു കഴിച്ചാൽ ദിവസങ്ങളോളം ഉറക്കം വരില്ല. നിർമാണത്തിന്റെ തുടക്കത്തിലും ഒടുവിലും വരുന്ന ബ്രൗൺ നിറമുള്ള വേസ്റ്റും വിൽക്കും. പിങ്കിനും ഗോൾഡിനും ലഹരി കൂടുതലായതിനാലാണ് വിലയേറുന്നതെന്നും എൻ.ബി.സി. വൃത്തങ്ങൾ പറയുന്നു.
750 ഗ്രാം രാസലഹരിയ്ക്കു ആഫ്രിക്കയിൽ അഞ്ചുലക്ഷം രൂപയാണെങ്കിൽ ഇന്ത്യയിൽ വന്നു നിർമിച്ചുകൊടുത്താൽ കിട്ടുന്നതു 50 ലക്ഷം രൂപ. ഒരു ഗ്രാമിന് ഇവർ 500 രൂപയ്ക്കു നൽകുന്നതാണു കേരളത്തിലെ വിൽപനക്കാർ 2000- 3000 രൂപ വില നൽകി വാങ്ങുന്നത്. മൂന്നിരട്ടി ലാഭം.
പിടിച്ചാലും വീണ്ടുമിറങ്ങുന്നതു വൻലാഭം കണ്ടാണ്. 45 ദിവസം അല്ലെങ്കിൽ 150 ദിവസം ജയിലിൽ കിടന്നാൽ മതി. പിന്നെ ജാമ്യം കിട്ടി പുറത്തിറങ്ങാം. വിചാരണ ആരംഭിക്കാൻ പിന്നേയും വർഷങ്ങളെടുക്കും. രാജ്യാന്തര മാഫിയാ സംഘമാണു ഇവരെ ഇന്ത്യയിലെത്തിക്കുന്നത്. ഗ്ഗ വന്നാൽ, പിന്നെ തിരിച്ചു പോകാത്തവരുമുണ്ട്. ഒറ്റയടിക്കു ലക്ഷങ്ങൾ ഉണ്ടാക്കുന്നു. കള്ളക്കടത്തായി പണം നാട്ടിലെത്തിക്കാനും സംവിധാനമുണ്ട്.