പാലക്കാട്: വടക്കഞ്ചേരിയിൽ ഇറച്ചി വിൽക്കുന്ന കടയിൽ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു. വടക്കഞ്ചേരി മിസ്ഫ ബീഫ് സ്റ്റാളിലാണ് സംഭവം. കടയിലെ തൊഴിലാളിയായ സന്തോവാ(37)നാണ് പരിക്കേറ്റത്. മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാൻ കുഴഞ്ഞുവീഴുകയായിരുന്നു.
ആക്രമണത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കടയിൽ ഇറച്ചി വെട്ടികൊണ്ടിരിക്കെ കടയിലേക്ക് കയറി വന്ന യുവാവ് മുഷ്ടി ചുരുട്ടി സന്തോവാൻറെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയിൽ കുഴഞ്ഞുവീണ സന്തോവാൻറെ മുഖത്ത് നിന്നും ചോര വരുന്നത് കണ്ട് കടയിലെ മറ്റൊരു തൊഴിലാളി ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്.
കുഴഞ്ഞുവീണ സന്തോവാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൽകുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചത്. ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി.