കോഴിയിറച്ചി വാങ്ങാത്തതിലുളള വിരോധം മൂലം മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തി.
കല്ലിടുമ്പ് സ്വദേശി സമീറാണ് അന്‍പത്തിരണ്ടുകാരി സല്‍മത്തിനെ വെട്ടി കൊലപ്പെടുത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് കോഴി ഇറച്ചിയുമായി ബന്ധപ്പെട്ട തർക്കം ഉടലെടുക്കുന്നത്. പിന്നാലെ തര്‍ക്കം കൊലപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. ഭാര്യ സജ്ന ഓടി രക്ഷപ്പെട്ടതോടെ പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമ്മത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തിനും ലഹരിക്കും അടിമയായ സമീർ നിരന്തരം ഭാര്യയെയും മക്കളെയും അമ്മായി അമ്മയേയും ഉപദ്രവിക്കുക പതിവായിരുന്നു. സമീറിനെതിരെ വേറേയും കേസുകളുണ്ട്.
സൽമത്തിന്റെ തലയിൽ അഞ്ചു തവണയാണ് സമീർ വെട്ടിയത്. തലക്ക് ഗുരുതരമായി പരുക്കേറ്റ സൽമ്മത്ത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വണ്ടൂർ പൊലീസ് സമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമീറിനെതിരെ കൊല കുറ്റത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. സൽമത്തിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കൊണ്ടോട്ടി ഓമാനൂരിലെ ബന്ധുക്കൾക്ക് കൈമാറി.