തൊടുപുഴ: അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതുറയിലാണ് സംഭവം. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്.(A young man died after being brutally beaten by his neighbour)
ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയായ ബിബിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ച് ജനീഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മർദനമേറ്റ് അവശനിലയിൽ കിടന്ന ജനീഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനീഷിന്റെ കുടുംബവും ബിബിന്റെ കുടുംബവും തമ്മിൽ നേരത്തെ മുതൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു.
കൊലപാതകത്തിൽ അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.